മാള: മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം വിദ്യാര്‍ഥികളുടെ ഓണ്‍ ലൈന്‍ പഠനം ദുരിതമാവുന്നു. മാള മേഖലയിലാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ പഠനം പോലും കാണാനാവാതെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ദുരിതമനുഭവിക്കുന്നത്. ഇതുകാരണം, ഇന്റര്‍ നെറ്റുള്ളിടത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുപോയി പാഠഭാഗം ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടുവന്ന് പഠിക്കേണ്ട അവസ്ഥയാണ്. അത്യാവശ്യം റേഞ്ച് കിട്ടിയിരുന്ന ബിഎസ്എന്‍എല്‍, ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളെല്ലാം തന്നെ ജനങ്ങളെ ദുരിതത്തിലാക്കി തുടങ്ങിയിട്ട് കാലമേറെയായി. എയര്‍ടെല്ലില്‍ കെട്ടിടങ്ങള്‍ക്ക് പുറത്തു നന്നായി ഫോര്‍ജി നെറ്റ് വര്‍ക്ക് കിട്ടിയാലും പലപ്പോഴും ടുജിയുടെ വേഗത പോലുമില്ലാത്ത അവസ്ഥയാണ്. ബി എസ് എന്‍ എല്‍, ഐഡിയ, വോഡഫോണ്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളും വേഗതയില്ലാത്ത അവസ്ഥയിലാണ്.
മാള ടൗണ്‍, വലിയപറമ്പ്, അഷ്ടമിച്ചിറ, അന്നമനട, കുഴൂര്‍, പൂപ്പത്തി, പൊയ്യ, പാറപ്പുറം, പുത്തന്‍ചിറ, കൊച്ചുകടവ്, എരവത്തൂര്‍, കുണ്ടൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പ്രശ്‌നങ്ങളുണ്ട്. വിളിക്കാനോ നെറ്റ് ഉപയോഗിക്കാനോ വളരെയേറെ ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്കുണ്ടാകുന്നത്. ഇന്‍ കമിങ്ങിനും ഔട്ട് ഗോയിങ്ങിനും വളരെയേറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. പലപ്പോഴും മൊബൈല്‍ ഫോണ്‍ നിശ്ചലമായിരിക്കും. ഇതേസമയം തന്നെ ആരെങ്കിലും മൊബൈല്‍ ഫോണിലെ നമ്പറിലേക്ക് വിളിച്ചിട്ടുണ്ടാവാം. എന്നാല്‍ വിളിക്കുന്ന നമ്പറുമായി കോള്‍ കണക്ടാവുന്നില്ല. ആളുകള്‍ തമ്മില്‍ പരസ്പരം കാണുമ്പോള്‍ ഇന്ന ദിവസം ഇന്ന സമയം വിളിച്ചിരുന്നെന്ന് പറയുമ്പോഴാണറിയുന്നത്.
വീടിന്റെയോ മറ്റ് ഓഫിസുകളുടെയോ പുറത്തുനിന്ന് മാത്രമാണ് വിളിച്ച് സംസാരിക്കാനാവുന്നത്. അകത്തിരിക്കുമ്പോള്‍ കോള്‍ വന്നാല്‍ മൊബൈല്‍ ഫോണുമെടുത്ത് പുറത്തേക്കോടണം. അല്ലെങ്കില്‍ പരസ്പരം സുഗമമായി സംസാരിക്കാനാവില്ല. ചില സമയങ്ങളില്‍ ഒരു ഭാഗത്തേക്ക് മാത്രമാണ് കേള്‍ക്കാനാവുക. ഫുള്‍ റെയ്ഞ്ചില്‍ സംസാരിച്ച് കൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ ഹാങ്ങാവുകയും കോള്‍ കട്ടാവുകയും ചെയ്യും. കോള്‍ വന്നാല്‍ പാതിരാത്രിക്ക് പോലും വീടിന് പുറത്തേക്കിറങ്ങേണ്ട അവസ്ഥയാണ്. സമാനമായ അവസ്ഥയാണ് നെറ്റിന്റെ കാര്യത്തിലും. ഫോര്‍ ജി ഫോണും സിമ്മുമുണ്ടായാല്‍ പോലും നെറ്റ് കിട്ടാത്ത അവസ്ഥയാണ്. ഫോര്‍ ജി കാണിച്ച് ഏറെ കഴിയും മുമ്പേ ടുജിയിലേക്കോ പ്ലസിലേക്കോ മാറും. ത്രീജി നെറ്റ് വര്‍ക്ക് കാണിച്ചാലും നെറ്റ് കണക്റ്റാവില്ല. പലവട്ടം നെറ്റ് വര്‍ക്ക് മാറ്റിയും മൊബൈല്‍ റീസ്റ്റാര്‍ട്ട് ചെയ്തും നോക്കിയാലും രക്ഷയില്ല. വോഡഫോണും ഐഡിയയും ഫോര്‍ജി കാണിച്ചയുടനെ ടുജിയിലേക്കോ എച്ച് പ്ലസ്സിലേക്കോ മാറുന്നു. ത്രീജി കാണിക്കുമ്പോള്‍ നെറ്റ് കിട്ടുകയുമില്ല. അതിനാല്‍തന്നെ നെറ്റ് ലഭ്യമാവുകയുമില്ല. കെ ബി കണക്കിലുള്ള ഫയലുകളോ ഫോട്ടോകളോ പോലും ഡൗണ്‍ലോഡ് ചെയ്യാനാകില്ല. അപ് ലോഡ് ചെയ്യാനുമാവില്ല. ഇവക്കായി മണിക്കൂറുകളോളം വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഫോണിലെ ബാറ്ററി തീരുകയും സമയമേറെ പാഴാവുകയും ചെയ്യുന്ന അവസ്ഥയുമാണ്.
ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നതും രജിസ്റ്റര്‍ ചെയ്തവരുമായ ഉപഭോക്താക്കള്‍ക്ക് ഏത് നമ്പറില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് വല്ലപ്പോഴുമെങ്കിലും മെസേജുകള്‍ വരും. അങ്ങനെ വന്നാല്‍ ആ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാനാവും. ബി എസ് എന്‍ എല്‍ സൗജന്യമായി നല്‍കുന്ന ഈ സേവനത്തിന് സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ക്ക് ദിനംപ്രതി ഒരു രൂപ വച്ച് നല്‍കണം. കൊച്ചുകടവ്, കുണ്ടൂര്‍ ഭാഗങ്ങളില്‍ വീടിനകത്തോ പുറത്തോ നെറ്റ് വര്‍ക്ക് നന്നായി കിട്ടുന്നില്ല. വീടിനു പുറത്ത് കിട്ടിയാല്‍ തന്നെ ടുജി മാത്രമാണ് ലഭിക്കുക. ഫോര്‍ജി കാണിച്ചയുടനെ എച്ച് പ്ലസിലേക്കോ ടുജിയിലേക്കോ മാറുന്നു. ടുജിയില്‍ ഫുള്‍ റേഞ്ച് കാണിക്കുമ്പോഴും ഫോര്‍ജിയാകുമ്പോള്‍ നെറ്റ് വര്‍ക്ക് കിട്ടാത്ത അവസ്ഥയുമുണ്ട്. വാര്‍പ്പിനു മുകളില്‍ നെറ്റ് കിട്ടാനായി ഒരു ഫോണ്‍ വച്ച് വൈഫൈ മുഖേനയാണ് പലരും നെറ്റ് എടുക്കുന്നത്. നെറ്റ് വര്‍ക്ക് അടിക്കടി മാറുന്നതിനാല്‍ കടുത്ത വെയിലായാലും മഴയായാലും ഇടക്കിടെ വാര്‍പ്പിനു മുകളില്‍ കയറേണ്ടി വരുന്നു. അപകടത്തിന് വരെയിത് കാരണമാകും.
ബി എസ് എന്‍ എല്ലില്‍ ഫോര്‍ജി ആയിട്ടുണ്ടെന്ന് പറയുമ്പോഴും ടുജി സ്പീഡ് പോലും ലഭിക്കുന്നില്ല. കൊച്ചുകടവിലും എരവത്തൂരും കുണ്ടൂരും ടവറുകളില്ലാത്തതിനാല്‍ കാലങ്ങളേറെയായി നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. കുഴൂര്‍, എറണാകുളം ജില്ലയിലെ അയിരൂര്‍ എന്നിവിടങ്ങളിലാണ് ടവറുകളുള്ളത്. ഇവിടങ്ങളില്‍ നിന്നുമുള്ള സിഗ്‌നലുകള്‍ വളരെയേറെ കുറവാണ്. അത്യാവശ്യ കാര്യങ്ങളിലടക്കം വിളിക്കാന്‍ നോക്കിയാല്‍ കിട്ടാത്ത അവസ്ഥയാണ്. നമ്പര്‍ പരിധിക്കു പുറത്താണെന്ന് പറയുന്നതിന് പകരമിപ്പോള്‍ കുറച്ച് നാളുകളായി നിങ്ങള്‍ വിളിച്ചയാള്‍ നിങ്ങളുടെ കോള്‍ സ്വീകരിക്കുന്നില്ലെന്നാണ് പറയുന്നത്. പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.