യോഗത്തിനു വരുന്നതിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

ദീര്‍ഘകാലം കുഴൂര്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്ന ഇവര്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞ ശേഷം രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു

Update: 2019-06-28 06:59 GMT

തൃശൂര്‍: ഗ്രാമപ്പഞ്ചായത്ത് യോഗത്തിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് പി ശാന്തകുമാരി ടീച്ചര്‍ (80) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു മുമ്പ് കുഴഞ്ഞുവീണ ശാന്തകുമാരി വെള്ളിയാഴ്ച പുലര്‍ച്ചെ 5.40 ഓടെയാണ് മരണപ്പെട്ടത്. 24 വര്‍ഷം കുഴൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു. ഇതിനിടെ രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റും ഒരുതവണ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കുഴൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. ദീര്‍ഘകാലം കുഴൂര്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്ന ഇവര്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞ ശേഷം രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. കുഴൂര്‍ വിളക്കുംകാല്‍ ജങ്ഷനു സമീപത്തായുള്ള വീടിനോട് ചേര്‍ന്ന മൂന്ന് സെന്റ് സ്ഥലം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മൂന്ന് വര്‍ഷം മുമ്പ് കൈമാറിയിരുന്നു. ഇവിടെയാണ് കുഴൂര്‍ മണ്ഡലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അവിവാഹിതയാണ്. നാളെ രാവിലെ എട്ടിന് ഗ്രാമപഞ്ചായത്ത് ഓഫിസിലും തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലും വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും. തുടര്‍ന്ന് കുഴൂര്‍ വിളക്കുംകാല്‍ ജങ്ഷനില്‍ സര്‍വകക്ഷി യോഗം നടക്കും.




Tags:    

Similar News