സവര്‍ണ സംവരണം നടപ്പാക്കി ദലിത് സംവരണം അട്ടിമറിക്കുന്നു: എസ് ഡിപിഐ

Update: 2022-03-10 17:35 GMT

മാള (തൃശൂര്‍): എസ്‌സി- എസ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ പുനസ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ എസ് ഡിപിഐ ജില്ലാ കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. എസ് ഡിപിഐ സംസ്ഥാന സമിതിയംഗം ശശി പഞ്ചവടി ധര്‍ണ ഉദ്ഘാടനം ചെയ്തു. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രവര്‍ത്തിച്ചുവരുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ നിര്‍ത്തലാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ നടപടി ദലിത് വിരുദ്ധതയുടെ ഭാഗമായി കാണേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണഘടനാ വിരുദ്ധമായ സവര്‍ണ സംവരണം നടപ്പാക്കി സവര്‍ണ പ്രീണനം നടത്തുമ്പോള്‍ ദലിതരുടെ സംവരണം അട്ടിമറിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ശശി പഞ്ചവടി പറഞ്ഞു. എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നിലും കലക്ടറേറ്റുകളിലും നടക്കുന്ന പ്രതിഷേധ ധര്‍ണയുടെ ഭാഗമായാണ് തൃശൂര്‍ കലക്ടറേറ്റിന് മുന്നിലും ധര്‍ണ സംഘടിപ്പിച്ചത്.

പ്രമുഖ ദലിത് സാമൂഹിക, രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. എസ് ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട്, ടി കെ വാസു (പിയുസിഎല്‍), എസ്‌സി- എസ്ടി ഫെഡറേഷന്‍ ജില്ലാ കണ്‍വീനര്‍ വി സി വല്‍സന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എസ് നിസാര്‍, സാമൂഹിക പ്രവര്‍ത്തകരായ പി കെ പ്രദീപ്, വിജയ് നാഗന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ദീഖുല്‍ അക്ബര്‍, എസ് ഡിടിയു ജില്ലാ പ്രസിഡന്റ് എം കെ ഷമീര്‍, ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തിയ്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News