ജനവാസകേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളല്‍: സിപിഎം വനിതാ നേതാവിന്റെ മകനുള്‍പ്പെടുന്ന സംഘം അറസ്റ്റില്‍

. പാലയൂര്‍ ചക്കംകണ്ടത്ത് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം വനിതാ നേതാവും ഒരുമനയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കയ്യുമ്മ ടീച്ചറിന്റെ മകന്‍ ഒരുമനയൂര്‍ അമ്പലത്ത് വീട്ടില്‍ ഡാലിം, തമിഴ്‌നാട് നെയ്‌വേലി സ്വദേശി രാമചന്ദ്രന്‍, തമിഴ്‌നാട് വിഴുപ്പുറം സ്വദേശി കുപ്പുസ്വാമി എന്നിവരെയാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2019-01-09 11:44 GMT

ചാവക്കാട്: ജനവാസകേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ സിപിഎം നേതാവിന്റെ മകനുള്‍പ്പെടുന്ന സംഘം പിടിയിലായി. പാലയൂര്‍ ചക്കംകണ്ടത്ത് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം വനിതാ നേതാവും ഒരുമനയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കയ്യുമ്മ ടീച്ചറിന്റെ മകന്‍ ഒരുമനയൂര്‍ അമ്പലത്ത് വീട്ടില്‍ ഡാലിം, തമിഴ്‌നാട് നെയ്‌വേലി സ്വദേശി രാമചന്ദ്രന്‍, തമിഴ്‌നാട് വിഴുപ്പുറം സ്വദേശി കുപ്പുസ്വാമി എന്നിവരെയാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചക്കംകണ്ടം ത്വാഹാ പള്ളിക്കടുത്ത് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയതായിരുന്നു സംഘം. ശബ്ദംകേട്ട് പരിസരവാസികളെത്തിയതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ടാങ്കര്‍ ലോറി പിന്നോട്ടെടുക്കവെ തൂണിലിടിച്ച് കാനയിലേക്ക് ചെരിഞ്ഞു. ഉടന്‍തന്നെ ലോറിയിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ എച്ച് അക്ബര്‍ കേരള മുനിസിപ്പല്‍ ആക്ടിലെ 340 ബി പ്രകാരം വാഹനം കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി. വാഹന ഉടമയെ തിരിച്ചറിഞ്ഞതോടെയാണ് സിപിഎം ഭരിക്കുന്ന നഗരസഭാ നേതൃത്വം വെട്ടിലായത്.

സിപിഎം നേതാവിന്റെ മകന്റെ പേരിലുള്ളതായിരുന്നു ടാങ്കര്‍ ലോറി. തുടര്‍ന്ന് നഗരസഭ ഇടപെട്ട് മാലിന്യം തള്ളാനെത്തിയവരെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കി. എന്നാല്‍, പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ നഗരസഭാ അധികൃതര്‍ പഴുതൊരുക്കുകയാണെന്ന ആരോപണം ശക്തമാണ്. മുനിസിപ്പല്‍ ആക്ട് പ്രകാരം പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ നിയമം നിലനില്‍ക്കെ നിസാരവകുപ്പ് ചുമത്തി സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാന്‍ സൗകര്യമൊരുക്കുകയാണ് നഗരസഭാ അധികൃതര്‍ ചെയ്തതെന്ന് എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രതികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോവുമെന്ന് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അക്ബര്‍ എടക്കഴിയൂര്‍ മുന്നറിയിപ്പ് നല്‍കി. മണ്ഡലം സെക്രട്ടറി ഷാജഹാന്‍, കരിം ചെറായി, ഫാമിസ് അബൂബക്കര്‍, ഷിഹാബ്, നസീര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News