തൃശൂര്‍ നാട്ടിക അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

റോഡരികില്‍ ഉറങ്ങികിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്

Update: 2024-11-26 05:13 GMT

തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ ഉറങ്ങി കിടന്ന നാടോടി സംഘത്തിനിടയിലേക്ക് ലോറി കയറി 5 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവര്‍ ജോസ്(54) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നു.

ഡ്രൈവിങ് ലൈസന്‍സില്ലാത്ത ക്ലീനര്‍ അലക്‌സാണ് അപകട സമയത്ത് വാഹനമോടിച്ചത്. റോഡരികില്‍ ഉറങ്ങികിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. മരിച്ചവര്‍ പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതിദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ ഇവരെ നാട്ടുകാരാണ് പിടികൂടിയത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ രാത്രിയില്‍ പ്രത്യേക പരിശോധന നടത്തും.

ട്രക്കുകള്‍ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈന്‍ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്.

Tags:    

Similar News