ഒളിഞ്ഞുനോട്ടം; യുഎഇയില്‍ ഹോട്ടല്‍ ജീവനക്കാരന് തടവ് ശിക്ഷ
മുറിയില്‍ ഭാര്യയോടൊപ്പം താമസിച്ച അറബ് യുവാവാണ് ശുചീകരണ തൊഴിലാളി ഒഴിഞ്ഞുനോക്കുന്നത് കണ്ടെത്തിയത്.
റാസല്‍ഖൈമ: ദമ്പതികള്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ ഒളിഞ്ഞു നോക്കിയ ജീവനക്കാരനെ രണ്ടു മാസം തടവിന് ശിക്ഷിച്ച് കോടതി. ഹോട്ടലിലെ ശുചീകരണ തൊഴിലാളിയാണ് പ്രതി. മുറിയില്‍ ഭാര്യയോടൊപ്പം താമസിച്ച അറബ് യുവാവാണ് ശുചീകരണ തൊഴിലാളി ഒഴിഞ്ഞുനോക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ പോലിസിനെ അറിയിച്ചു. വിചാരണയ്‌ക്കൊടുവില്‍ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
തനിക്കും ഭാര്യക്കുമുണ്ടായ മാനസിക പ്രയാസത്തിന് നഷ്ടപരിഹാരം തേടി യുവാവ് റാസല്‍ഖൈമ സിവില്‍ കോടതിയിലും കേസ് ഫയല്‍ ചെയ്തിരുന്നു. ഹോട്ടലിലെ സ്വീറ്റ് റൂമിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.
തങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് കൂടുതല്‍ പണം ആവശ്യമുള്ള മുറി തിരഞ്ഞെടുത്തതെന്നും എന്നാല്‍, സ്വകാര്യത ഹനിക്കപ്പെടുന്ന സംഭവമാണ് അരങ്ങേറിയതെന്നും പരാതിക്കാരന്‍ കോടതിയെ ബോധ്യപ്പെടുത്തി.
ഈ കേസിലും പരാതിക്കരാന് അനുകൂലമായി കോടതി വിധി വന്നിട്ടുണ്ട്. ശുചീകരണ തൊഴിലാളിയും ഹോട്ടല്‍ മാനേജ്‌മെന്റും ചേര്‍ന്ന് യുവാവിന് 50,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും അഭിഭാഷകന്റെ ഫീസും നല്‍കണമെന്നാണ് സിവില്‍ കോടതി ഉത്തരവിട്ടത്.