ഹസീനാ വിരുദ്ധ പ്രതിഷേധം: തടവിലായ 57 ബംഗ്ലാദേശ് പൗരന്മാര്‍ക്ക് യുഎഇ സര്‍ക്കാര്‍ മാപ്പ് നല്‍കി
ദുബയ്: ഷെയ്ക് ഹസീന സര്‍ക്കാരിനെതിരേ ഗള്‍ഫില്‍ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ജയിലിടയ്ക്കപ്പെട്ട 57 ബംഗ്ലാദേശ് പൗരന്മാര്‍ക്ക് മാപ്പ് നല്‍കി യുഎഇ സര്‍ക്കാര്‍. ബംഗ്ലാദേശില്‍ അടുത്തയിടെ ഉടലെടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രതിഷേധം നടത്തിയ ബംഗ്ലാദേശികള്‍ക്ക് ദീര്‍ഘകാല തടവായിരുന്നു വിധിച്ചിരുന്നത്. 'സംഘം ചേരുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു' എന്ന കുറ്റം ചുമത്തിയാണ് യുഎയിലെ ഒരു ഫെഡറല്‍ കോടതി യുഎഇയില്‍ അനധികൃത പ്രകടനത്തില്‍ പങ്കെടുത്ത ബംഗ്ലാദേശികള്‍ക്ക് ജൂലൈയില്‍ ശിക്ഷ വിധിച്ചത്. ഈ ശിക്ഷയാണ് യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്‌യാന്‍ റദ്ദ് ചെയ്തതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചതെന്ന് എമിറേറ്റ്‌സ് വാര്‍ത്ത ഏജന്‍സിയായ ഡബ്ല്യുഎഎം റിപോര്‍ട്ട് ചെയ്തു. അവരെ ഉടന്‍ മോചിപ്പിക്കുകയും നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്യുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 53 പേര്‍ക്ക് 10 വര്‍ഷം തടവും ഒരാള്‍ക്ക് 11 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരിയ മുഹമ്മദ് യൂനുസുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാപ്പ് നല്‍കിയത്. വിട്ടയക്കപ്പെടുന്നവര്‍ ഉടന്‍ സ്വന്തം വീടുകളിലെത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റിന്റെ ഉപദേശകനെ ഉദ്ധരിച്ച് ബംഗ്ലാദേശിലെ വാര്‍ത്ത ഏജന്‍സിയായ സംഗ്ബാദ് സങ്‌സ്ത പറഞ്ഞു. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പാകിസ്താന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് ബംഗ്ലാദേശില്‍നിന്നാണ്.