കെജ്‌രിവാള്‍ ജയില്‍മോചിതനായി; മഴയത്തും വന്‍ സ്വീകരണം

Update: 2024-09-13 13:15 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതി ആരോപണക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ് രിവാള്‍ ജയില്‍മോചിതമായി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് വൈകീട്ട് ആറരയോടെ തിഹാര്‍ ജയിലില്‍നിന്നിറങ്ങിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നത്. കേസില്‍ രണ്ട് മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ് കെജ്‌രിവാള്‍. നേരത്തേ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള്‍ ഒപ്പിടുന്നതിനും വിലക്ക് തുടരും. നേരത്തേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ് രിവാളിന് ജാമ്യം ലഭിച്ചിരുന്നു.

    ആറ് മാസത്തിലേറെ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ കെജ് രിവാളിനെ സ്വീകരിക്കാന്‍ ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ പരിസരത്ത് മുതിര്‍ന്ന എഎപി നേതാക്കളും പ്രവര്‍ത്തകരുമെത്തിയിരുന്നു. മഴയ്ത്തും വന്‍ ജനക്കൂട്ടമാണ് സ്വീകരിക്കാനെത്തിയത്. ഭാര്യ സുനിതാ കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മന്ത്രി അതിഷി, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടങ്ങുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ ഹിന്ദിയില്‍ സംസാരിച്ചു. എന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. ഞാന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും സത്യത്തിന്റെ പാതയിലായതിനാല്‍ ദൈവം എന്നോടൊപ്പം ഉണ്ടായിരുന്നു. എന്റെ മനോവീര്യം നൂറുമടങ്ങ് വര്‍ധിച്ചു. മഴയത്ത് ഇത്രയധികം പേര്‍ കാത്തുനിന്നതിന് എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News