കെജ് രിവാളിന്റെ ജാമ്യാപേക്ഷ: സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്

Update: 2024-07-05 09:35 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈകോടതി വെള്ളിയാഴ്ച സിബിഐക്ക് നോട്ടിസയച്ചു. കെജ്‌രിവാള്‍ ജാമ്യത്തിനായി കീഴ് കോടതിയെ സമീപിക്കണമെന്ന സിബിഐയുടെ വാദം ഹൈകോടതി ആദ്യം അംഗീകരിച്ചിരുന്നു.

എന്നാല്‍ വാദത്തിനിടെ കെജ്‌രിവാള്‍ നേരിട്ട് ഹൈകോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ പിന്നീട് ബെഞ്ച് തീരുമാനിക്കുകയായിരുന്നു. കെജ്രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി ആണ് ഹാജരായത്. കെജ് രിവാള്‍ വിമാനം റാഞ്ചിയ ആളോ തീവ്രവാദിയോ അല്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് ഹരജിക്കാരന്‍ നേരിട്ട് നല്‍കിയ ഹരജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജൂലൈ 17ന് ഹരജി വാദം കേള്‍ക്കുന്നതിനാണ് കോടതി പട്ടികപ്പെടുത്തിയത്. സിബിഐയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ് രിവാള്‍ സമര്‍പ്പിച്ച ഹരജിയും ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയിലാണ്.

മാര്‍ച്ച് 21നാണ് കെജ് രിവാളിനെ ഇഡി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍ 20ന് ഈ കേസില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈകോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു. അതിനിടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 12 വരെ നീട്ടിയിരിക്കുകയാണ്. ഡല്‍ഹി എയിംസ് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡുമായുള്ള കൂടിയാലോചനയില്‍ ഭാര്യയുടെ സാന്നിധ്യം കൂടി വേണമെന്നാവശ്യപ്പെട്ട് കെജ് രിവാള്‍ നല്‍കിയ ഹരജിയില്‍ വിധി പറയുന്നതും കോടതി മാറ്റിവെച്ചിരിക്കുകയാണ്.

Tags:    

Similar News