കോഴിക്കോട്: പോലിസ് തങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാർ. തൻ്റെ കുട്ടികളെ വരെ അവർ വേട്ടയാടുന്നുണ്ടെന്ന് രജിത് കുമാർ പറഞ്ഞു. സുഹൃത്തുകളെ വരെ പോലിസ് പിന്തുടരുകയാണെന്നും മാമിയെ കാണാതായ അന്നു മുതൽ തങ്ങൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും മാനസികമായി ഏറെ തകർന്നിരിക്കുകയാണെന്നും രജിത് കുമാർ വ്യക്തമാക്കി.
മാമി തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതതിനു പിന്നാലെ രജിത് കുമാറിനെയും ഭാര്യയെയും കാണാതായിരുന്നു. ഇന്നലെയാണ് ഇരുവരെയും ഗുരുവായൂരിൽ നിന്ന് പോലിസ് കണ്ടെത്തിയത്. മനസമാധാനമില്ലാതെ വന്നതോടെയാണ് താൻ നാടു വിട്ടതെന്ന് ഇന്നലെ രജിത് കുമാർ പറഞ്ഞിരുന്നു.