ചോറ്റാനിക്കരയില്‍ ഡോക്ടറുടെ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും
ചോറ്റാനിക്കര(കൊച്ചി): ഇരുപത് വര്‍ഷമായി പൂട്ടിയിട്ട വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥിക്കൂടവും കണ്ടെത്തി. ചോറ്റാനിക്കര എരുവേലി പാലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് ഇവ കണ്ടെത്തിയത്. 14 ഏക്കറോളം വരുന്ന പറമ്പിലാണ് മംഗലശേരി ഡോ. ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ള വീട് സ്ഥിതി ചെയ്യുന്നത്. 20 വര്‍ഷത്തോളമായി ഇവിടെ ആള്‍താമസമില്ല.
അടച്ചിട്ട വീട് ചിലര്‍ താവളമാക്കുന്നുവെന്ന് അടുത്തിടെ പഞ്ചായത്ത് അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലിസ് വീട്ടിലെത്തിയത്. വീട്ടിന് അകത്തെ പഴയ ഫ്രിഡ്ജ് തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു ബാഗിനുള്ളില്‍ തലയോട്ടിയും അസ്ഥിക്കൂടവും കണ്ടെത്തിയത്. നട്ടെല്ല് അടക്കമുള്ള അസ്ഥികള്‍ കോര്‍ത്ത് ഇട്ട രീതിയിലായിരുന്നു. ചോറ്റാനിക്കര പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.