വംശീയതക്കും ഫാസിസത്തിനുമെതിരെ ചെറുത്ത് നില്‍പ്പ് ശക്തമാക്കുക ; കേരള യൂത്ത് കോണ്‍ഫറന്‍സ്

Update: 2024-02-11 15:04 GMT


മലപ്പുറം: വംശീയതക്കും, ഫാസിസത്തിനുമെതിരെ ചെറുത്ത് നില്‍പ്പ് ശക്തമാക്കണമെന്ന ആഹ്വാനത്തോടെ വിസ്ഡം കേരള യൂത്ത് കോണ്‍ഫറന്‍സ് മലപ്പുറത്ത് സമാപിച്ചു. യുവത്വം നിര്‍വ്വചിക്കപ്പെടുന്നു എന്ന പ്രമേയത്തിലാണ് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ വിസ്ഡം കേരള യൂത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി യുവജന കൂട്ടായ്മകളെ ശക്തിപ്പെടുത്തിയാലേ ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ തിരിച്ച് പിടിക്കാന്‍ കഴിയുകയുള്ളൂ എന്നും യൂത്ത് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.

വിശ്വാസവും ആചാരങ്ങളും പൗരന്റെ സ്വാതന്ത്ര്യമായി കാണണം. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്ന് കരുതുന്ന ഭരണകൂടത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കേരള യൂത്ത് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വിഭാഗീയതക്കും, അക്രമങ്ങള്‍ക്കും വഴിമരുന്നിടുന്നതില്‍ നിന്നും ഭരണകൂടം പിന്തിരിയണം. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയോട് പൗരന്മാര്‍ക്കുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന വിധമുള്ള ഭരണകൂട ഇടപെടലുകള്‍ അവസാനിപ്പിക്കണം. ബാബരി മസ്ജിദിന് ശേഷം ഗ്യാന്‍ വ്യാപി അടക്കമുള്ള മുസ്ലിം പള്ളികളില്‍ ഫാസിസ്റ്റുകള്‍ അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും, ഇത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുമെന്നും കേരള യൂത്ത് കോണ്‍ഫറന്‍സ് വിലയിരുത്തി. 'യുവത്വം നിര്‍വചിക്കപ്പെടുന്നു' എന്ന പ്രമേയത്തില്‍ നടന്ന തീം ടോക്ക് ശ്രദ്ധേയമായി. ഫലസ്തീന്‍ ജനതയുടെ ജന്‍മനാടിന് വേണ്ടിയുള്ള പോരാട്ടത്തിന് യൂത്ത് കോണ്‍ഫറന്‍സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

യുവാക്കളില്‍ വര്‍ധിച്ച് വരുന്ന അന്ധമായ അനുകരണ ഭ്രമം വെടിഞ്ഞ് വ്യക്തി വിശുദ്ധിയോടെ നിലപാടെടുക്കാനുള്ള കരുത്ത് നേടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള യൂത്ത് കോണ്‍ഫറന്‍സ് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഫലസ്തീനിലേക്ക് അധിനിവേശം നടത്തി ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്‌റാഈലി ഭീകരതക്കെതിരെ ലോകം മൗനം വെടിയണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള യൂത്ത് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.






Tags:    

Similar News