ദുരിതാശ്വാസ നിധിയിലേക്ക് ദമ്പതികള്‍ നല്‍കിയ തുക കണക്കില്‍ കാണിച്ചില്ല; പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്

ഗ്രാമപ്പഞ്ചായത്തിലെ താമസക്കാരനായ മാണിക്കത്തുപറമ്പില്‍ ജോര്‍ജ്ജ് വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 20000/ രൂപാണ് കണക്കില്‍ കാണിക്കാതെ വെട്ടിച്ചത്.

Update: 2021-12-27 16:03 GMT

മാള: അന്നമനട ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ദമ്പതിമാര്‍ നല്‍കിയ തുക കണക്കില്‍ കാണിക്കാത്തതിനെതിരേ യുഡിഎഫ് രംഗത്ത്. ഗ്രാമപ്പഞ്ചായത്തിലെ താമസക്കാരനായ മാണിക്കത്തുപറമ്പില്‍ ജോര്‍ജ്ജ് വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ദുരിതാശ്വാസ നിധിയിലേക്ക് 20000/ രൂപയുടെ ചെക്ക് പ്രസിഡന്റിന് കൈമാറിയിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ എട്ടിനാണ് ചെക്ക് കൈമാറിയത്. പ്രസിഡന്റ് ഈ ചെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ഏല്‍പ്പിക്കുകയോ വരവ് വെക്കുകയോ ചെയ്തിട്ടില്ലായിരുന്നു. കെ കെ രവി നമ്പൂതിരി വിവരാവകാശ നിയമ പ്രകാരം എഴുതി ചോദിച്ചപ്പോഴാണ് ഇത് പുറത്തറിയുന്നത്. ചെക്ക് കൊടുത്ത വ്യക്തിക്ക് ഇതു സംബന്ധിച്ച ബാങ്കില്‍നിന്നുള്ള സന്ദേശം എത്തിയപ്പോഴാണ് ഗ്രാമപ്പഞ്ചായത്ത് അക്കൗണ്ട് വഴിയല്ല മാറിയത് എന്നറിയുന്നത്.

ഇതിനിടയില്‍ നവംബര്‍ എട്ട്, 12, 16, 26 തിയ്യതികളില്‍ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രസിഡന്റ് ഹാജരായിട്ടുള്ളതാണ്. എന്നിട്ടും കമ്മറ്റികളില്‍ പ്രസിഡന്റ് ഗ്രാമപ്പഞ്ചായത്ത് അക്കൗണ്ടിലേക്ക് കൈമാറാതെ വെച്ച നടപടി അഴിമതിയാണ്. ഇതിനെതിരേ സോഷ്യല്‍ ഓഡിറ്റും ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ്സ് പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടിയും മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കെ കെ രവി നമ്പൂതിരി (പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍), നിര്‍മല്‍ സി പാത്താടന്‍ (പ്രസിഡണ്ട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി) തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News