തൃശൂര്‍: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച കേസിലെ പ്രതിക്ക് തടവും പിഴയും. കുന്നത്തുകാട് കാര്യേഴത്ത് സന്തോഷി(34)നെയാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. 2012 ഒക്ടോബര്‍ 17ന് രാവിലെ 11നു മാള അനുപമ ബാറില്‍ നിന്നു മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രതി വഴിയിലൂടെ നടന്നുപോവുകയായിരുന്ന പുത്തന്‍ചിറ കുണിപ്പുറത്തു വീട്ടില്‍ ഉണ്ണികൃഷ്ണന്‍(40), കൂട്ടുകാരന്‍ പൊയ്യ വട്ടകോട്ട ഈശ്വരമംഗലത്ത് രാജേഷ്(39) എന്നിവരെയാണ് ആക്രമിച്ചത്. രാജേഷിനെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ണികൃഷ്ണനെ അരയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും രാജേഷിനെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. അന്നത്തെ മാള എസ് ഐ ആയിരുന്ന പി എ അഷ്‌റഫ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 10 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി, ജിഷാ ജോബി, വി എസ് ജിനല്‍ ഹാജരായി.