ബൈക്ക് മോഷണക്കേസിലെ പ്രതികളായ യുവാക്കള്‍ പോലിസിന്റെ പിടിയില്‍

Update: 2022-05-26 17:42 GMT

മാള (തൃശൂര്‍): ബൈക്ക് മോഷണക്കേസിലെ പ്രതികളായ യുവാക്കള്‍ പോലിസിന്റെ പിടിയിലായി. തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴോളം ബൈക്കുകള്‍ മോഷ്ടിച്ച, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കമുള്ള സംഘത്തിനെയാണ് കൊടുങ്ങല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പടാകുളം ബൈപാസ്, കോട്ടപ്പുറം കോട്ട, എടവിലങ്ങ് എന്നിവിടങ്ങളില്‍ നിന്നായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലിസ് സംഘവും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

നോര്‍ത്ത് പറവൂര്‍ കളരിപ്പറമ്പില്‍ മനു (20), നോര്‍ത്ത് പറവൂര്‍ ചെറുപറമ്പില്‍ ശരത്ത് ഭഗവാന്‍ (18) എന്നിവരെയും ഇവരെക്കൂടാതെ നാല് പ്രായപൂര്‍ത്തിയാവാത്ത ആണ്‍ കുട്ടികളെയുമാണ് പ്രത്യേക പോലിസ് സംഘം അറസ്റ്റ് ചെയ്തത്. എഡിജിപി (ലോ ആന്റ് ഓര്‍ഡര്‍) യുടെ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവ് പ്രകാരം തൃശൂര്‍ റൂറല്‍ ജില്ലയില്‍ വ്യാപകമായ രീതിയില്‍ റെയ്ഡും നടപടികളും തുടര്‍ന്നുവരവേ തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക പോലിസ് സംഘം നടത്തിയ എന്‍ഡിപിഎസ് പരിശോധനയിലാണ് ബൈക്ക് മോഷണത്തിന്റെ വിവരം ലഭ്യമാവുന്നത്.

ചാലക്കുടി ഫയര്‍ സ്‌റ്റേഷന്‍ സമീപത്തുനിന്നും ഹീറോഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക്, എറണാകുളം കളമശ്ശേരിയില്‍ നിന്നും ബജാജ് പള്‍സര്‍ 200 ബൈക്ക്, തൃശൂര്‍ പുതുക്കാട് നിന്നും യമഹ എഫ് ഇസഡ് ബൈക്ക്, ആമ്പല്ലൂര്‍ നിന്നും ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക്, ഹോണ്ട ഡിയോ സ്‌കൂട്ടര്‍, മതിലകം പോക്ലായില്‍ നിന്നും ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് എന്നിവയാണ് പ്രതികള്‍ ആറുമാസത്തിനുള്ളില്‍ മോഷണം നടത്തിയത്.

കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഐഎസ്എച്ച്ഒ ബിജുകുമാര്‍, എസ്‌ഐ ആനന്ദ്, കൊടുങ്ങല്ലൂര്‍ െ്രെകം സ്‌ക്വാഡ് എസ്‌ഐ പി സി സുനില്‍, എഎസ്‌ഐമാരായ സി ആര്‍ പ്രദീപ്, ടി ആര്‍ ഷൈന്‍, ഉല്ലാസ്, ജിഎസ്‌സിപിഒമാരായ ലിജു ഇയ്യാനി, മിഥുന്‍ ആര്‍ കൃഷ്ണ, സിപിഒമാരായ അരുണ്‍ നാഥ്, എ ബി നിഷാന്ത്, ഫൈസല്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബൈക്കില്‍ കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലങ്ങളില്‍ നിന്നും റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത് വച്ചിരിക്കുന്ന ബൈക്കുകള്‍ വളരെ വിദഗ്ധമായി ലോക്ക് പൊളിച്ചെടുത്ത് കൊണ്ടുവരികയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന വണ്ടികള്‍ ഇവര്‍ ഉപയോഗിക്കുന്നതിന് വേണ്ടി പല സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. പ്രതികള്‍ വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലിസ് അന്വേഷിച്ചുവരികയാണ്.

Tags:    

Similar News