കണ്ണൂര്‍: കൂത്തുപറമ്പ പോലിസും കണ്ണൂര്‍ ടൌണ്‍ പോലിസും രണ്ടിടങ്ങളിലായി നടത്തിയ മയക്കുമരുന്ന് പരിശോധനയില്‍ എംഡിഎംഎ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായി. കൂത്തുപറമ്പ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനു മോഹനന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ ടൗണില്‍ 11ന് രാത്രി 11 മണിക്ക് നടത്തിയ പരിശോധനയിലാണ് 1.2 ഗ്രാം എംഡിഎംഎയും സ്‌കൂട്ടറും സഹിതം തലശ്ശേരി കയ്യത്ത് റോഡില്‍ ഫാവാദ് (24) പിടിയിലായത്. എസ്‌ഐമാരായ കെ ടി സന്ദീപ്, പി ബിജു, പ്രോബേഷന്‍ എസ്‌ഐ സൈഫുല്ല, എസ്‌സിപിഒ ശ്രിജിനേഷ്, സിപിഒമാരായ ഷയിജേഷ്, അഭിലാഷ്, ലിജു തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കണ്ണൂര്‍ ടൗണ്‍ പോലിസ് നടത്തിയ മറ്റൊരു പരിശോധനയില്‍ 3.75 ഗ്രാം എംഡിഎംഎ സഹിതം തയ്യില്‍ കുറുവ റോഡില്‍ സി ആരിഫിനെ (40) അറസ്റ്റുചെയ്തു. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കണ്ണൂര്‍ പ്രഭാത് ജങ്ഷനിലെ റെയ്മണ്ട് ഷോപ്പിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എസ്‌ഐ നസീബ്, മഹിജന്‍, എസ്‌സിപിഒമാരായ നാസര്‍, മിഥുന്‍ നര്‍ക്കോട്ടിക് സെല്‍ ഡെന്‍സഫ് ടീം അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.