കൊവിഡ് വ്യാപനം: ഈ മാസം 30 വരെ വയനാട്ടിലെ ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം

Update: 2021-04-25 13:09 GMT

കല്‍പറ്റ: കൊവിഡ് 19 അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ഒരാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചു. ഏപ്രില്‍ 30 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും വൈകീട്ട് 7.30 വരെ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഹോട്ടല്‍, റെസ്റ്റോറന്റ്, തട്ടുകട, ബേക്കറി എന്നിവയില്‍ പാഴ്‌സല്‍ സൗകര്യം മാത്രമാണ് അനുവദിക്കുക. കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അത്യാവശ്യ കടകള്‍ക്ക് വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. നിയന്ത്രണം കര്‍ശനമാക്കുന്നതിന് ജില്ലാ പോലിസ് മേധാവിക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഏപ്രില്‍ 30 വരെ തുറന്ന് പ്രവര്‍ത്തിക്കരുത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കേണ്ടതാണ്.

    കൊവിഡ് ബാധിച്ചിട്ടുള്ളതും അല്ലാത്തതുമായ ജില്ലയിലെ എല്ലാ കോളനികളിലും ആവശ്യമായ റേഷന്‍, ഭക്ഷണ കിറ്റ് എന്നിവ ലഭ്യമാക്കുന്നതിന് ഐ.ടി.ഡി.പി കോഓഡിനേറ്റര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ട, ബാവലി അതിര്‍ത്തിയിലൂടെ കര്‍ണാടകയിലേക്ക് ദിവസേന ജോലിയ്ക്ക് പോവുന്നവരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കുന്നതിനും യോഗത്തില്‍ നിര്‍ദേശം നല്‍കി.

    കൊവിഡ് രണ്ടാം തരംഗത്തിലെ അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി മേപ്പാടി വിംസ് ആശുപത്രിയില്‍ 300 പേര്‍ക്ക് കിടക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 300 പേര്‍ക്ക് കൂടിയുള്ള സൗകര്യം ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ വകുപ്പില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ വിട്ട് നല്‍കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഡി.ഡി.എം.എ ഫണ്ട് ഉപയോഗിച്ച് ആവശ്യമായ പള്‍സ് ഓക്‌സീ മീറ്റര്‍ വാങ്ങുകയും, കോവിഡ് രോഗികള്‍ക്ക് മുമ്പ് നല്‍കിയവ തിരികെ വാങ്ങുകയും ചെയ്യും. സി.എഫ്.എല്‍.ടി.സി, ഡി.സി.സി എന്നിവ അടിയന്തിരമായി ആരംഭിക്കുന്നതിനും, ബത്തേരി താലൂക്ക് പരിധിയിലെ മീനങ്ങാടി ഗവ. പോളി ടെക്‌നിക്കില്‍ സി.എഫ്.എല്‍.ടി.സി ആരംഭിക്കുന്നതിനും നിര്‍ദേശം നല്‍കി. ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ കുടിവെള്ളം, വൈദ്യുതി/ജനറേറ്റര്‍ എന്നിവ ലഭ്യമാണെന്ന് ഉറപ്പ് വരുത്തുന്നതിനും, അടിയന്തിര സാഹചര്യത്തില്‍ ലഭ്യമാക്കുന്നതിനും ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ കെ. വര്‍ഗീസ്, ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫ് അലി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Covid: only parcel in hotels in Wayanad till 30

Tags:    

Similar News