പൂച്ചത്തിക്ക് പട്ടയം; എഴുപതില്‍ ഭൂവുടമ
സര്‍ക്കാരിന്റെ ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ പത്ത് സെന്റ് സ്ഥലം വാങ്ങിയാണ് ഇവര്‍ക്ക് കൈമാറിയത്.
കല്‍പറ്റ: സ്വന്തമായി തലചായ്ക്കാന്‍ ഒരിടം. അതായിരുന്നു മാനന്തവാടി പയ്യമ്പള്ളി കോളിയോട്ട് കുന്ന് കോളനിയിലെ എഴുപതുകാരിയായ പൂച്ചത്തിയുടെ സ്വപ്‌നം. സര്‍ക്കാരിന്റെ ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ പത്ത് സെന്റ് സ്ഥലം വാങ്ങിയാണ് ഇവര്‍ക്ക് കൈമാറിയത്. ഈ ഭൂമിയുടെ പട്ടയം അദാലത്ത് വേദിയില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പൂച്ചത്തിക്ക് കൈമാറി. ഭൂരേഖ കൈയ്യില്‍ കിട്ടിയതോടെ വാക്കുകള്‍ ഇടറി. എല്ലാരോടും നന്ദിയുണ്ട്. സ്ഥല രേഖ കിട്ടിയതിന്റെ സന്തോഷത്തിനും അദാലത്തിന്റെ വേദി സാക്ഷ്യമായി. ഇനി സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കും. ഇതോടെ പൂച്ചത്തിയുടെയും കുടുംബത്തിന്റെയും ജീവിതം മാറുകയാണ്. മാനന്തവാടി താലൂക്കിലെ ഇതേ കോളനിയില്‍ നിന്നും ഒമ്പത് പേര്‍ക്കാണ് പയ്യമ്പള്ളി വില്ലേജില്‍ ഒരേക്കര്‍ ഭൂമി സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങി നല്‍കിയത്. ഒരോരുത്തര്‍ക്കും പത്ത് സെന്റ് സ്ഥലം വീതം ലഭിക്കും. ഇവിടെ ഇവരുടെ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. ചടങ്ങില്‍ കോളിയോട്ട് കുന്ന് കോളനിയിലെ ഒമ്പത് പേര്‍ക്കും പട്ടയം വിതരണം ചെയ്തു.
ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ വയനാട് ജില്ലയില്‍ 58 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ഇതില്‍ ഒമ്പതെണ്ണം പനമരത്ത് നടന്ന അദാലത്തില്‍ വിതരണം ചെയ്തു. ഏഴെണ്ണം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ വിതരണം ചെയ്യും. വീട് കുടിവെള്ളം വഴികള്‍ അനുബന്ധ സൗകര്യങ്ങളെല്ലാം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ നൂതന പദ്ധതിയാണിത്. ജില്ലയില്‍ 3215 ആദിവാസി കുടുംബങ്ങളെയാണ് ഇതുവരെ ഭൂരഹിതരായി കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം വിവിധ പദ്ധതികളിലൂടെയാണ് സ്ഥലം നല്‍കുന്നത്. ജില്ല കളക്ടറുടെ പേരില്‍ സ്ഥലം വാങ്ങി. പട്ടയങ്ങള്‍ ഇവരുടെ പേരിലാണ് അനുവദിക്കുന്നത്. 48 പേര്‍ക്ക് പുല്‍പ്പള്ളി പാടിച്ചിറ നടവയല്‍ വില്ലേജുകളിലാണ് ഭൂമി നല്‍കുന്നത്. 6.7 ഏക്കര്‍ ഭൂമി ഇതിനായി ഒന്നാം ഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 1.13 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.