വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണം തുടരുന്നു; മൂന്ന് ആടുകളെ കൊന്നു
കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകള്‍ വച്ച് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് വളര്‍ത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുലര്‍ച്ചെ വളര്‍ത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തില്‍ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവര്‍ഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്.
കടുവയിറങ്ങിയ സാഹചര്യത്തില്‍ അമരക്കുനി മേഖലയിലെ നാല് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.പുല്‍പ്പള്ളി അമരക്കുനിയിലെ കടുവയെ തേടി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ തുടരുകയാണ്. വിക്രം, ഭരത് എന്നീ കുങ്കികളെ കൂടി ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചില്‍. ഒമ്പതാം തീയതിക്ക് ശേഷം വനംവകുപ്പിന്റെ ക്യാമറയില്‍ കടുവ പതിഞ്ഞിട്ടില്ല. എന്നാല്‍ പ്രദേശം വിട്ടു പോയിട്ടുമില്ല. നാല് കൂടുകളില്‍ ഇതിനോടകം കടുവയ്ക്ക് കെണി ഒരുക്കിയിട്ടുണ്ട്. കടുവയെ കണ്ടെത്തുകയും സന്ദര്‍ഭം ഇണങ്ങുകയും ചെയ്താല്‍ കടുവയെ മയക്കു വെടിവെച്ച് തന്നെ പിടികൂടും. ദൗത്യ സംഘത്തിനൊപ്പം ഇന്ന് നോര്‍ത്ത് വയനാട് ആര്‍ആര്‍ടി സംഘവും കൂടി ചേരും.