കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. മീനങ്ങാടി യൂക്കാലി കവലയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കടുവ രണ്ട് ഇടങ്ങളിലായി ഏഴ് ആടുകളെ കടിച്ചുകൊന്നു. ശനിയാഴ്ച രാത്രിയില്‍ മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് സംഭവം. കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്‌സിയുടെ നാല് ആടുകളെയും ആവയല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ മൂന്ന് ആടുകളെയുമാണ് കടുവ കൊന്നത്. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടുമാസത്തിലധികമായി കടുവയുടെ ശല്യമുണ്ട്. മീനങ്ങാടി യൂക്കാലി കവലയില്‍ ശനിയാഴ്ച മൂന്ന് ആടുകളെ കടുവ കൊന്നിരുന്നു. ഇതോടെ ഒരുമാസത്തിനിടെ പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാവുന്ന ആടുകളുടെ എണ്ണം 21 ആയി. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കടുവയെ പിടികൂടാന്‍ വനംവകുപ്പ് ശ്രമം നടത്തിവരികയാണ്. അഞ്ച് കൂടുകളും വിവിധയിടങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.