വയനാട്: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗബാധ. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1708 ആയി. ഇതില്‍ 1449 പേര്‍ രോഗമുക്തരായി. 250 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.
രോഗം ബാധിച്ചവര്‍:
സെപ്തംബര്‍ 5 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ വെളളമുണ്ട സ്വദേശിനി (28), 6 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി (35), അമ്പലവയല്‍ സമ്പര്‍ക്കത്തിലുളള വടുവഞ്ചാല്‍ സ്വദേശിനി (49), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയ്ക്ക് പോയ രോഗിയുടെ കൂടെ നിന്ന ചെന്നലോട് സ്വദേശി (47) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റായത്.
20 പേര്‍ക്ക് രോഗമുക്തി:
പിണങ്ങോട് സ്വദേശികളായ മൂന്ന് പേര്‍, ചെതലയം, മേപ്പാടി, മുണ്ടക്കൈ, കാക്കവയല്‍, മാടക്കുന്ന് സ്വദേശികളായ രണ്ട് പേര്‍ വീതം, പുത്തൂര്‍വയല്‍, പുതുശ്ശേരികടവ്, കുപ്പാടി, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തര്‍, പാലക്കാട്, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഓരോരുത്തര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 224 പേരാണ്. 259 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2602 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 299 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 277 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 57039 സാംപിളുകളില്‍ 54828 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 53120 നെഗറ്റീവും 1708 പോസിറ്റീവുമാണ്.