വയനാട്ടിലെ വന്യജീവി ആക്രമണം; സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ പന്താടരുത്: ജോണ്‍സണ്‍ കണ്ടച്ചിറ
പുല്‍പ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രമണം അതിഭീകരമായി തുടരുകയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടരുതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വള്ളച്ചാലില്‍ പോള്‍ (52) ന്റെ വസതയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പാക്കാന്‍ കഴിയുന്ന ആശുപത്രികള്‍ പോലും വയനാട്ടിലില്ല. കൃത്യസമയത്ത് ചികില്‍സ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് യഥാര്‍ഥ കൊലയാളി. കാട്ടാനയുടെ പരിക്കേറ്റ പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
കൊട്ടിഘോഷിക്കുന്ന വികസനങ്ങളുടെ പൊയ്മുഖമാണ് ഇവിടെ അഴിഞ്ഞു വീഴുന്നത്. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇദ്ദേഹത്തിന്റെ കുടുംബത്തിന് നിലവില്‍ പ്രഖ്യാപിച്ച ആനുകുല്യങ്ങള്‍ പോലും ജനങ്ങള്‍ വൈകാരികമായി പ്രതികരിച്ചശേഷമാണ് അനുവദിച്ചത്. കലക്ടര്‍, സബ് കലക്ടര്‍, ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തിയില്ല. ജനങ്ങള്‍ ഏറെ നേരം പ്രതിഷേധിച്ച ശേഷമാണ് എഡിഎം വന്നത്. ദിവസങ്ങള്‍ക്കു മുമ്പ് കാട്ടാനയുടെ ചവിട്ടേറ്റ് ശരീരം തളര്‍ന്നു കിടപ്പിലായ ആദിവാസി യുവാവിനെ സന്ദര്‍ശിക്കാനോ കുടുംബത്തെ സഹായിക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. വയനാട്ടിലെ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇതു വ്യക്തമാക്കുന്നത്. വയനാട് എംപിയായ രാഹുല്‍ ഗാന്ധി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനോ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനോ തയ്യാറായിട്ടില്ല. ഇവിടെ ഇടക്കാലാശ്വാസമല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ വാര്യാട്, ജില്ലാ ട്രഷറര്‍ കെ മഹ്റൂഫ് അഞ്ചുകുന്ന്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാന്‍, വി സുലൈമാന്‍ മൗലവി, ജില്ലാ മീഡിയാ കോഡിനേറ്റര്‍ ടി പി റസ്സാക്ക് തുടങ്ങിയവരും സന്ദര്‍ശന സംഘത്തോടൊപ്പമുണ്ടായിരുന്നു.