രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തില്‍
100 കോടി രൂപയാണ് തിരുവനന്തപുരത്തെ നഷ്ടം. മുന്‍ വര്‍ഷം 64 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയ വിമാനത്താവളമാണ് ഇക്കുറി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടം നേരിടുന്നതായി റിപോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരിയായ കൊവിഡ് രാജ്യത്തെ ശ്വാസം മുട്ടിച്ചതിനു പിന്നാലെ വിദേശ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കാണ് കനത്ത നഷ്ടത്തിന് പ്രധാന ഹേതുവായി കണക്കാക്കുന്നത്.
മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി നഷ്ടമാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2,948.97 കോടി രൂപയാണ് ആകെ നഷ്ടമായി കണക്കാക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 91 വിമാനത്താവളങ്ങളുടെ ആകെ നഷ്ടം 1,368.82 കോടി രൂപയായിരുന്നു. വിമാനത്താവളങ്ങളുടെ നഷ്ടങ്ങളുടെ പട്ടികയില്‍ ദില്ലി ഇന്ദികാഗാന്ധി വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. 317 കോടി രൂപയാണ് ഇവിടെ നഷ്ടം ഉണ്ടായിട്ടുള്ളത്.
ഡല്‍ഹി വിമാനത്താവളം 2019ല്‍ 111 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്ത വര്‍ഷത്തില്‍ 13.15 കോടിയുടെ ലാഭം ഉണ്ടാക്കിയിരുന്നു. തിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളമാണ് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ 384.81 കോടി രൂപയാണ് നഷ്ടമുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 9.61 കോടിയും 2020ല്‍ 2.54 കോടിയും അറ്റാദായം നേടിയിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടും നഷ്ടത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. 100 കോടി രൂപയാണ് തിരുവനന്തപുരത്തെ നഷ്ടം. മുന്‍ വര്‍ഷം 64 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയ വിമാനത്താവളമാണ് ഇക്കുറി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.