കാറ്റും കടല്‍ക്ഷോഭവും ; ആലപ്പുഴ ജില്ലയില്‍ 30 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍

കാര്‍ഷികമേഖലയില്‍ 14.89 കോടിയുടെ നഷ്ടം.മല്‍സ്യബന്ധനമേഖലയില്‍ 4.26 കോടിയുടെ നഷ്ടം.ആറു താലൂക്കുകളിലായി 30 വീടുകള്‍ പൂര്‍ണമായും 650 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ നശിച്ചതുമൂലം 4.48 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Update: 2021-05-18 17:06 GMT

ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ജില്ലയിലുണ്ടായ കനത്തമഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും കടലാക്രമണത്തിലും ജില്ലയില്‍ വിവിധ മേഖലകളിലായി 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. ആറു താലൂക്കുകളിലായി 30 വീടുകള്‍ പൂര്‍ണമായും 650 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ നശിച്ചതുമൂലം 4.48 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കാര്‍ഷികമേഖലയിലാണ് കൂടുതല്‍ നഷ്ടം കണക്കാക്കിയിട്ടുള്ളത്. 14.89 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. 477 ഹെക്ടറിലെ നെല്‍കൃഷിയും 787.84 ഹെക്ടറിലെ പച്ചക്കറി കൃഷിയും 12.1 ഹെക്ടറിലെ മറ്റു കൃഷികളും നശിച്ചു. പത്ത് പാടശേഖരങ്ങളില്‍ മടവീണു. തെങ്ങ് അടക്കമുള്ള വൃക്ഷങ്ങള്‍ കടപുഴകിയും നഷ്ടമുണ്ട്. ക്ഷീരമേഖലയില്‍ 65.06 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഒമ്പതു കന്നുകാലികള്‍ ചത്തു. 17 കന്നുകാലി ഷെഡ്ഡുകള്‍ പൂര്‍ണമായും 203 എണ്ണം ഭാഗികമായും തകര്‍ന്നു.

മത്സ്യബന്ധന മേഖലയില്‍ ഒമ്പതു വള്ളങ്ങള്‍ പൂര്‍ണമായും 29 എണ്ണം ഭാഗികമായും നശിച്ചു. 78 പേരുടെ വല നഷ്ടപ്പെട്ടു. 681.97 ഹെക്ടറിലെ മത്സ്യകൃഷിയെയും ബാധിച്ചു. മേഖലയില്‍ 4.26 കോടി രൂപയുടെ നഷ്ടമുണ്ടായി. പൊതുമരാമത്തുവകുപ്പിന്റെ 22 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 1.61 കോടി രൂപയുടെ നഷ്ടമുണ്ടായി. കെ.എസ്.ഇ.ബി.ക്ക് ആലപ്പുഴ സര്‍ക്കിളില്‍ 2.46 കോടി രൂപയുടെയും ഹരിപ്പാട് സര്‍ക്കിളില്‍ 1.54 കോടി രൂപയുടെയും നഷ്ടമുണ്ടായി. 310.4 കിലോമീറ്റര്‍ നീളത്തില്‍ ഇലക്ട്രിക് ലൈനുകള്‍ നശിച്ചു. 672 പോസ്റ്റുകളും അഞ്ചു ട്രാന്‍സ്ഫോമറുകളും തകരാറിലായി

Tags:    

Similar News