എസ്ബിഐ എട്ടുവര്‍ഷത്തിനിടെ എഴുതിതള്ളിയത് 1,23,423 കോടി രൂപ
കഴിഞ്ഞ സാമ്പത്തികവര്‍ഷം 46,348 കോടി എഴുതിത്തള്ളി
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കിട്ടാക്കടമായി എഴുതിത്തള്ളിയത് 1,23,423 കോടി രൂപ. 2013 സാമ്പത്തിക വര്‍ഷം മുതല്‍ 2020 വരെയുള്ള എട്ടുവര്‍ഷംകൊണ്ട് നിഷ്‌ക്രിയ ആസ്തികളില്‍പെടുത്തി എഴുതിത്തള്ളിയതിന്റെ വെറും ഏഴ് ശതമാനം തുക മാത്രമാണ് എസ്ബിഐക്ക് തിരിച്ചുപിടിക്കാനായിട്ടുള്ളത്. ഇതേ കാലയളവില്‍ കിട്ടാക്കടമായി 1,23,423 കോടി രൂപ എഴുതിത്തള്ളിയപ്പോള്‍ 8,969 കോടി രൂപ മാത്രമാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് തിരിച്ചുപിടിച്ചത്. എസ്ബിഐയില്‍ നിന്നും ലോണെടുത്ത ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍, ഐആര്‍വിസിഎല്‍ ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ വായ്പയെടുത്ത തുകയില്‍ ഒരു രൂപ പോലും തിരിച്ചടച്ചില്ല. ഇവരുടെ വായ്പ്പയും ബാങ്ക് എഴുതിത്തള്ളി.
എസ്ബിഐ ഓഹരി ഉടമയും പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സജാഗ് നാഗരിക് മഞ്ചിന്റെ പ്രസിഡന്റുമായ വിവേക് വേലങ്കാറിന് എസ്ബിഐ നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. എഴുതിത്തള്ളിയ തുക സംബന്ധിച്ച് വിവേക് ആദ്യം വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെയാണ് വാര്‍ഷിക പൊതുയോഗവുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയത്. 2013 സാമ്പത്തിക വര്‍ഷം മുതല്‍ 2020 വരെയുള്ള കാലയളവില്‍ യഥാക്രമം 261 കോടി, 308 കോടി, 815 കോടി എന്നിങ്ങനെയാണ് മോശം വായ്പകള്‍ തിരിച്ചുപിടിക്കാനായതെന്ന് വിവേകിനു ലഭിച്ച മറുപടിയിലുണ്ട്. 2018 - 19 സാമ്പത്തികവര്‍ഷം 27,225 കോടി എഴുതിത്തള്ളിയപ്പോള്‍ 2,215 കോടി രൂപ മാത്രമാണ് തിരിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 46,348 കോടി എഴുതിത്തള്ളി. 500 കോടിക്ക് മുകളില്‍ വായ്പയെടുത്ത് കുടിശ്ശികയാക്കിയ 56 പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതില്‍ അലോക് ഇന്‍ഡസ്ട്രീസാണ് ഏറ്റവും കൂടുതല്‍ വായ്പയെടുത്തിട്ടുള്ളത്. ഇവരുടെ വായ്പയില്‍ 8,098.95 കോടി രൂപ ബാങ്ക് എഴുതിത്തള്ളിയപ്പോള്‍ കമ്പനി 1,703.57 കോടി തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. ബാബാ രാംദേവിന്റെ രുചി സോയ ഇന്‍ഡസ്ട്രീസിന്റെ 746 കോടി രൂപയുടെ വായ്പയും എഴുതിത്തള്ളിയവയില്‍ ഉള്‍പ്പെടും. 2012 - 2013 സാമ്പത്തികവര്‍ഷം എസ്ബിഐ 1,345 കോടി എഴുതിത്തള്ളിയപ്പോള്‍ വെറും നാല് കോടി മാത്രമാണ് തിരിച്ചുപിടിച്ചത്.