എ ടി എ കാര്‍നെറ്റിന്റെ സാധ്യതകള്‍ വാണിജ്യ സമൂഹം പ്രയോജനപ്പെടുത്തണമെന്ന് പുല്ലേല നാഗേശ്വരറാവു

കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്ക് സാധനങ്ങള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും അനുവാദം നല്‍കുന്ന താല്‍ക്കാലിക അനുമതിയായ എ ടി എ കര്‍നെറ്റ് വിവിധ മേഖലകളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ എക്സിബിഷന്‍ സാമഗ്രികള്‍ മുതല്‍ യന്ത്രസാമഗ്രികള്‍ വരെ നിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയടക്കാതെ ഇറക്കുമതി ചെയ്യാനും തിരിച്ച് കയറ്റുമതി ചെയ്യാനും കഴിയും

Update: 2019-06-21 10:44 GMT

കൊച്ചി: എ ടി എ കാര്‍ നെറ്റ് കയറ്റുമതി ഇറക്കുമതി മേഖലയിലുള്ളവര്‍ക്കും വാണിജ്യ വ്യവസായ സമൂഹത്തിനും മുന്നില്‍ തുറന്നു തരുന്ന വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വരറാവു. എ ടി എ കാര്‍നെറ്റിനെക്കുറിച്ച് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്ക് സാധനങ്ങള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും അനുവാദം നല്‍കുന്ന താല്‍ക്കാലിക അനുമതിയായ എ ടി എ കര്‍നെറ്റ് വിവിധ മേഖലകളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ എക്സിബിഷന്‍ സാമഗ്രികള്‍ മുതല്‍ യന്ത്രസാമഗ്രികള്‍ വരെ നിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയടക്കാതെ ഇറക്കുമതി ചെയ്യാനും തിരിച്ച് കയറ്റുമതി ചെയ്യാനും കഴിയും. 74 രാജ്യങ്ങളുമായി വിനിമയം നടത്താന്‍ കഴിയുന്ന എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ഇന്ത്യയില്‍ അധികാരപ്പെടുത്തിയിരിക്കുന്നത് ഫിക്കിയെയാണ്. ഇക്കാര്യത്തില്‍ കസ്റ്റംസിന്റെ എല്ലാ പിന്തുണയും വാണിജ്യ വ്യവസായ സമൂഹത്തിനുണ്ടായിരിക്കുമെന്ന് പുല്ലേല നാഗേശ്വരറാവു വ്യക്തമാക്കി.

ബിസിനസ് സ്‌കൂളുകളിലെ സിലബസില്‍ എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ നിര്‍ദേശിച്ചു. രാജ്യാന്തര ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്നതിനാല്‍ എത്ര രാജ്യങ്ങളിലേക്ക് വേണമെങ്കിലും ട്രാന്‍സിറ്റായി എക്സിബിഷന്‍ സാമഗ്രികള്‍ അടക്കമുള്ളവ കൊണ്ടുപോകാന്‍ സാധിക്കും. കാര്‍ഷികോല്‍പന്ന കയറ്റുമതി ഇറക്കുമതി മേഖല സജീവമായ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് എ ടി എ കാര്‍ നെറ്റ് സംവിധാനം ഏറെ പ്രയോജനപ്രദമാണ്. എ ടി എ കാര്‍നെറ്റ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് സഹായകമാകും. എ ടി എ കാര്‍നെറ്റ് സര്‍ട്ടിഫിക്കേഷന്റെ പ്രോസസ്സിംഗ് ഒട്ടും കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കസ്റ്റംസ് വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് കസ്റ്റംസ് വകുപ്പ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കൊച്ചി മേധാവി കെ എം ഹരിലാല്‍,ഫിക്കി സീനിയര്‍ കണ്‍സള്‍ട്ടന്റ് പി എസ് പ്രുതി, ഫിക്കി അഡീഷണല്‍ ഡയറക്ടര്‍ എസ് വിജയലക്ഷ്മി എന്നിവര്‍ വിഷയാവതരണം നടത്തി. കൊച്ചി സെസ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ്് കെ കെ പിള്ള, കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ സജന്‍ ബി നായര്‍, കൊച്ചി കസ്റ്റം ബ്രോക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്് അലന്‍ ജോസ,ഫിക്കി കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു സംസാരിച്ചു.

Tags:    

Similar News