ഇന്ത്യയിലെ ധനികരില്‍ അദാനി ഒന്നാമത്

Update: 2024-08-29 12:32 GMT

മുംബൈ: ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗൗതം അദാനിയെന്ന് റിപ്പോര്‍ട്ട്. 2024 ഹൂര്‍റൂണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റിലാണ് അദാനി ഒന്നാമതെത്തിയത്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ ഈ നേട്ടം. അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടിക്ക് കാരണമായി എന്ന് കരുതുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയില്‍ അദാനി മുന്നില്‍ എന്നതാണ് ശ്രദ്ധേയം.

ഈ ലിസ്റ്റില്‍ 2020ല്‍ നാലാം സ്ഥാനത്തായിരുന്നു അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അദാനിയുടെ സ്വത്തുക്കളില്‍ 95 ശതമാനം വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 11,61,8700 കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. സ്വന്തം പ്രയത്‌നത്താല്‍ ഉയര്‍ന്നു വന്ന അദാനി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും വലിയ വളര്‍ച്ചയുണ്ടാക്കി റെക്കോഡ് സൃഷ്ടിച്ച വ്യക്തിയാണ്. ഇക്കാലയളവില്‍ 10,21,600 കോടിയുടെ വര്‍ധനയാണ് അദാനിയുടെ സമ്പത്തില്‍ ഉണ്ടായത്.

അദാനി ഗ്രൂപ്പ് കമ്പനികളുടെയെല്ലാം ഓഹരികളില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അദാനി പോര്‍ട്ട്‌സ് ഓഹരികളില്‍ 98 ശതമാനം വളര്‍ച്ച ഉണ്ടായി. ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദാനി എനര്‍ജി, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ തുടങ്ങിയവയെല്ലാം ഓഹരിവിലയില്‍ 76 ശതമാനം വര്‍ധനയുണ്ടാക്കി. അതേസമയം, പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 10.14 ലക്ഷം കോടിയാണ് ആസ്തി. 2014 ജൂലൈ 31ന് ഉള്ള സ്‌നാപ്‌ഷോട്ട് അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ 334 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്.




Tags:    

Similar News