അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം; പ്രത്യേക അന്വേഷണമില്ല; ഹര്‍ജി തള്ളി
ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ സ്വതന്ത്രസമിതി അന്വേഷണമില്ല. കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്രസമിതി അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടിതി മൂന്നുമാസത്തിനകം സെബി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാര്‍ സ്വതന്ത്രസമിതി അന്വേഷണം ആവശ്യപ്പെട്ടത്.
നിലവില്‍ സെബി നടത്തുന്ന അന്വേഷണത്തെ സംശയിക്കേണ്ടതില്ലെന്ന് ഹര്‍ജികളിലെ വാദത്തിനിടെ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. വിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധസമിതിയുടെ അംഗങ്ങളുടെ നിഷ്പക്ഷതയ്‌ക്കെതിരായ ആരോപണങ്ങള്‍ അംഗീകരിക്കാനും സുപ്രീംകോടതി തയ്യാറായിരുന്നില്ല . ഓഹരി വിലകള്‍ പെരിപ്പിച്ചു കാട്ടി അദാനി കമ്പനികള്‍ തട്ടിപ്പ് നടത്തുന്നതായി കഴിഞ്ഞ ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.