ഗൗതം അദാനിയുടെ ഊര്‍ജ പാര്‍ക്കിനായി കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തിരക്ഷാ ചട്ടങ്ങളില്‍ ഇളവുവരുത്തിയെന്ന് റിപോര്‍ട്ട്

ലണ്ടന്‍: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ ഗൗതം അദാനി നിര്‍മിക്കുന്ന ഊര്‍ജപാര്‍ക്കിനായി ഇന്ത്യ അതിര്‍ത്തിരക്ഷാ ചട്ടങ്ങള്‍ ഇളവുചെയ്തതായി ബ്രിട്ടീഷ് മാധ്യമമായ 'ദി ഗാര്‍ഡിയനില്‍' റിപോര്‍ട്ട്. ഗുജറാത്തിനെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നു വേര്‍തിരിക്കുന്ന സര്‍ ക്രീക്ക് അഴിമുഖത്തിന് സമീപമാണ് ഊര്‍ജപാര്‍ക്ക്. അതിര്‍ത്തിരക്ഷാചട്ടങ്ങളില്‍ ഇളവുനല്‍കരുതെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട് അവഗണിച്ചാണ് പ്രതിരോധമന്ത്രാലയത്തിന്റെ നടപടിയെന്ന് റിപോര്‍ട്ട് പറയുന്നു. ബംഗ്ലാദേശ്, ചൈന, മ്യാന്‍മാര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളോടുചേര്‍ന്നുള്ള അതിര്‍ത്തികളിലെ സുരക്ഷാമാനദണ്ഡങ്ങളെയും ബാധിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ഇളവുചെയ്തിരിക്കുന്നത്.
റാന്‍ ഒഫ് കച്ചില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍മാത്രം അകലെ ഗുജറാത്ത് സര്‍ക്കാര്‍ പാട്ടത്തിനുനല്‍കിയ പ്രദേശത്താണ് അദാനി ഖാവ്ഡ ഊര്‍ജ്ജ പാര്‍ക്ക് നിര്‍മിക്കുന്നത്. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ദേശസുരക്ഷാ മാനദണ്ഡങ്ങള്‍പ്രകാരം അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ അദാനിക്കുവേണ്ടി ഇതില്‍ ഇളവുവരുത്താന്‍ ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടു.
പാര്‍ക്കിന്റെ കാര്യം പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് 2023 ഏപ്രിലില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസിന് കത്തുനല്‍കി. ഇതേതുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ സോളാര്‍ പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ ഏപ്രില്‍ 21ന് ഡല്‍ഹിയില്‍ രഹസ്യയോഗം നടന്നു. മിലിട്ടറി ഒപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഊര്‍ജമന്ത്രാലയത്തിന്റെ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
റാന്‍ ഓഫ് കച്ചില്‍ സോളാര്‍പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കുന്നത് യുദ്ധസമയങ്ങളില്‍ സൈനിക ടാങ്കുകളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്ക സൈനികമേധാവികള്‍ ഉയര്‍ത്തി. എന്നാല്‍, സോളാര്‍ പാനലുകള്‍ ശത്രുടാങ്കുകളുടെ നീക്കം തടയുമെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്. സോളാര്‍ പാനലുകളുടെ വലുപ്പം ക്രമീകരിക്കണമെന്ന ആവശ്യത്തെയും സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണം പറഞ്ഞ് ഗ്രൂപ്പ് തള്ളി. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെ സോളാര്‍പാനലുകള്‍ നിര്‍മിക്കാന്‍ ''സമവായമുണ്ടാക്കിയാണ്'' യോഗം അവസാനിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
ഇതോടെ, അതിര്‍ത്തികളിലെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുവരുത്തുന്ന വിവരം 2023 മേയ് എട്ടോടെ കേന്ദ്ര സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങളെ അറിയിച്ചു.
ഏപ്രിലില്‍ ഡല്‍ഹിയില്‍ രഹസ്യയോഗം നടക്കുമ്പോള്‍ പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള 230 ചതുരശ്രകിലോമീറ്റര്‍ ഭൂമി സര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷനാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യോഗത്തിന് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ ഈ ഭൂമി തിരികെ വാങ്ങി. ലേലത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളെ മറികടന്ന് ആഗസ്റ്റില്‍ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കി. നിലവില്‍ അതിര്‍ത്തിയിലെ 445 ചതുരശ്രകിലോമീറ്റര്‍ ഭൂമി ഗൗതം അദാനി ഗ്രൂപ്പിന്റെ കൈവശമാണുള്ളത്.