ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്നു തുടക്കം തുടക്കം 12 മണിക്കൂര്‍ സൂപ്പര്‍ സെയിലിലൂടെ
ഫെബ്രുവരി രണ്ട് വരെ നീളുന്ന ഇരുപത്തിനാലാമത് ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനമുയര്‍ത്താനും സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ നല്‍കാനും പൊതുസ്വകാര്യ മേഖലകളുടെ സഹകരണത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് ഡി.എഫ്.ആര്‍.ഇ മേധാവി അഹമ്മദ് അല്‍ ഖാജാ പറഞ്ഞു.
90 ശതമാനം വരെ വിലക്കുറവ്
90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്‌സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകളിലുമാണ് സെയില്‍ നടക്കുന്നത്. വന്‍ വിലക്കുറവും വാഗ്ദാനങ്ങളുമായി പ്രമുഖ ബ്രാന്‍ഡുകളും ആകര്‍ഷകമായ സമ്മാനപദ്ധതികളുമായി ദുബായിലെ പ്രമുഖ മാളുകളും ഫെസ്റ്റീവലിന്റെ ഭാഗമാവും.
ആഡംബരക്കാറുകളും സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളുമായി മെഗാ റാഫിള്‍ നറുക്കെടുപ്പുകളും നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളും വിനോദപരിപാടികളും കാര്‍ണിവലുകളും കുട്ടികള്‍ക്കായുള്ള പ്രത്യേകപരിപാടികളും ഇക്കുറിയും സന്ദര്‍ശകരുടെ മനംകവരുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. 12 മണിക്കൂര്‍ നീളുന്ന മെഗാ വില്‍പ്പനയോടെയാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങുന്നത്.