തുറമുഖ വകുപ്പും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തുറമുഖ വകുപ്പും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മെയ് അവസാന വാരത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തിലേക്ക് ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ഏപ്രില്‍ ആറിന് രാവിലെ 11ന് 'പ്രിസം' (Preliminary Rally of Investors in Shipping & Maritime) ഓണ്‍ലൈന്‍ മീറ്റ് സംഘടിപ്പിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മാരിടൈം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട നിക്ഷേപകരുടെയും വിദഗ്ധരുടെയും ആശയങ്ങള്‍ തേടുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
വെയര്‍ഹൗസ്, ഡ്രൈ ഡോക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ടാങ്ക് ഫാംസ്, സീവേജ് ട്രീറ്റ്‌മെന്റ് യൂനിറ്റ്, പായ്ക്കപ്പല്‍, സീപ്ലൈന്‍, ഇന്‍ലാന്റ് മരീനാ, റോറോ സര്‍വീസ്, ക്രൂയിസ് ഷിപ്പിങ്, മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട്, സാന്റ് പ്യൂരിഫേക്കേഷന്‍ യൂണിറ്റ്, ഫിഷ് ഇംപോര്‍ട്ട് & പ്രൊസസ്സിംഗ് യൂനിറ്റ്, എല്‍പിജി ടെര്‍മിനല്‍, ബങ്കര്‍ പോര്‍ട്ട് കണ്‍സ്ട്രക്ഷന്‍, ഉരു സര്‍വീസ് തുടങ്ങി ഈ രംഗത്തെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. അതോടൊപ്പം കേരളത്തിലെ തുറമുഖങ്ങളിലെ പശ്ചാത്തല വികസനത്തില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യും.
വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കേരള തുറമുഖ വകുപ്പും പോര്‍ട്ട് മാരിടൈം വകുപ്പും രണ്ടുമാസത്തോളമായി വിവിധ തലങ്ങള്‍ ഇതിനായുള്ള യോഗങ്ങളും ചര്‍ച്ചകളും നടത്തി വരികയാണ്. നിക്ഷേപക സംഗമത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'പ്രിസം' ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് സംഘടിപ്പിക്കുന്നത്. നിക്ഷേപ സൗഹാര്‍ദ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ തുറമുഖ മേഖലയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള മുഴുവന്‍ സംരംഭകരും പ്രീ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റായ ഈ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. 500 ഓളം പ്രത്യക്ഷവും അത്രതന്നെ പരോക്ഷവുമായ തൊഴില്‍ സാധ്യതതകളും 500 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയുമാണ് വകുപ്പ് ലക്ഷ്യമിടുന്നത്.