ക്രിസ് ഗോപാലകൃഷ്ണന് കെപിപി നമ്പ്യാര്‍ പുരസ്‌കാരം
കേരളത്തിന്റെ സാമൂഹിക പുരോഗതിക്കായി സാങ്കേതിക മേഖലയില്‍ നല്‍കിയ സംഭാവനകളും മാര്‍ഗനിര്‍ദേശങ്ങളും മുന്‍നിര്‍ത്തിയാണ് ക്രിസ് ഗോപാലകൃഷ്ണനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
കോഴിക്കോട്: ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എജിനീയേഴ്‌സിന്റെ (ഐട്രിപ്പിള്‍ഇ IEEE) 'കെപിപി നമ്പ്യാര്‍' പുരസ്‌കാരം സമ്മാനിച്ചു. കേരളത്തിന്റെ സാമൂഹിക പുരോഗതിക്കായി സാങ്കേതിക മേഖലയില്‍ നല്‍കിയ സംഭാവനകളും മാര്‍ഗനിര്‍ദേശങ്ങളും മുന്‍നിര്‍ത്തിയാണ് ക്രിസ് ഗോപാലകൃഷ്ണനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കോഴിക്കോട് റാവീസ് കടവ് ഹോട്ടലില്‍ നടന്ന ഐ ട്രിപ്പിള്‍ ഇ വാര്‍ഷിക സമ്മേളനത്തില്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങള്‍ കൂടുതല്‍ ആര്‍ജിതമാക്കാനുള്ള ഉപകരണമാണ് സാങ്കേതിക വിദ്യയെന്നും ഈ മേഖലയിലുള്ള നവീകരണപ്രവര്‍ത്തനങ്ങളും ജീവനക്കാര്‍ക്ക് നല്‍കുന്ന പിന്തുണയും അവരെ കാര്യക്ഷമമായും സന്തോഷകരമായും നിലനിര്‍ത്തുന്നതുമാണ് വിജയത്തിനാധാരമെന്നു ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി വല്‍സ, എന്‍ഐടി ട്രിച്ചി ഡയറക്ടര്‍ ഡോ. മിനി ഷാജി തോമസ്, എന്‍ഐടി കോഴിക്കോട് ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി, കെഎംആര്‍എല്‍ സിഇഒ മുഹമ്മദ് ഹനീഷ്, സ്റ്റാര്‍ട്ട് അപ് മിഷന്‍ സിഇഒ സജി ഗോപിനാഥ്, സാമൂഹ്യപ്രവര്‍ത്തക ഗീതാ ഗോപാല്‍ തുടങ്ങിയവര്‍ക്കും സാങ്കേതിക മേഖലയിലും സമൂഹ്യമേഖലയിലുള്ള അവരുടെ സംഭാവനകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി.