തൊഴില്‍വകുപ്പിന്റെ പരിശോധനകള്‍ ആരെയും ദ്രോഹിക്കുന്നതാകരുത്; പരിശോധനകള്‍ നിയമത്തിന്റെ പിന്‍ബലമുള്ളതായിരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി
തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കും. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കണം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി നിലനില്‍ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി
തിരുവനന്തപുരം: തൊഴില്‍വകുപ്പിന്റെ പരിശോധനകള്‍ ഒരിക്കലും ബോധപൂര്‍വ്വം ആരെയും ദ്രോഹിക്കുന്ന സമീപനമുള്ളതാകരുതെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍ കുട്ടി. പരിശോധനകള്‍ നിയമത്തിന്റെ പിന്‍ബലമുള്ളതായിരിക്കണം. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി നിലനില്‍ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമനിധി ബോര്‍ഡുകളില്‍ ഇരട്ട അംഗത്വം ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനായി ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. ക്ഷേമനിധി ബോര്‍ഡുകളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കണം. ബോര്‍ഡുകള്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളില്‍ അവബോധമുണ്ടാക്കണം. അംഗത്വം വര്‍ധിപ്പിക്കുന്നതിനായി വിവിധ ക്ഷേമനിധി ബോര്‍ഡുകളുമായി ആലോചിച്ച് കാംപയിനുകളും സ്‌പെഷ്യല്‍ ഡ്രൈവുകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ വകുപ്പ് ഓഫിസുകള്‍ തൊഴിലാളി സൗഹൃദമാക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് അനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിന് തയാറാകണം. ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലും പ്രതിദിന നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. പൊതുജനങ്ങള്‍ പരാതികളും അപേക്ഷകളും നല്‍കിയാല്‍ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പു വരുത്താന്‍ ഓഫിസുകള്‍ക്ക് കഴിയണം. രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഉള്‍പ്പെടെ അപേക്ഷ ലഭിക്കുന്ന ദിനത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസിന് കരുത്താകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗ്രാറ്റുവിറ്റി സംബന്ധമായതുള്‍പ്പെടെയുള്ള കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കണം.സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. റീജണല്‍ തലത്തില്‍ തൊഴില്‍വകുപ്പു ജീവനക്കാരുടെ പ്രവര്‍ത്തി അവലോകനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ ഡോ.എസ് ചിത്ര സ്വാഗതം ആശംസിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാര്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും പങ്കെടുത്തു.