ലിഥിയം അയോണ്‍ ബാറ്ററി നിര്‍മ്മാണ യൂനിറ്റ്: തോഷിബ പ്രതിനിധികള്‍ കെല്ലിന്റെ പ്ലാന്റ് സന്ദര്‍ശിച്ചു
പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് ഇഞ്ചിനീറിങ്ങിന്റെ (കെല്‍ ) മാമലയിലെ പ്ലാന്റിലാണ് തോഷിബയുടെ ബാറ്ററി വിഭാഗം മേധാവി യോഷിക്കി ഇഷിസുക്ക, ഇന്‍ഡ്യാ മാനേജിംഗ് ഡയറക്റ്റര്‍ ടോമോഹിക്കോ ഒകാടാ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം സന്ദര്‍ശനത്തിനെത്തിയത്
കൊച്ചി : ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അതിവേഗം ചാര്‍ജ്ജാകുന്ന ലിഥിയം അയോണ്‍ ബാറ്ററികളുടെ നിര്‍മ്മാണ യൂനിറ്റ് സ്ഥാപിക്കാന്‍ ജപ്പാനില്‍ നിന്നും തോഷിബ കമ്പനിയുടെ പ്രതിനിധികള്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് ഇഞ്ചിനീറിങ്ങിന്റെ (കെല്‍ ) മാമലയിലെ പ്ലാന്റ്്് സന്ദര്‍ശിച്ചു. തോഷിബയുടെ ബാറ്ററി വിഭാഗം മേധാവി യോഷിക്കി ഇഷിസുക്ക, ഇന്‍ഡ്യാ മാനേജിംഗ് ഡയറക്റ്റര്‍ ടോമോഹിക്കോ ഒകാടാ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ അഞ്ചംഗ സംഘം, കെല്‍ ചെയര്‍മാന്‍ അഡ്വ : വര്‍ക്കല ബി രവി കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ കേണല്‍ ഷാജി വര്‍ഗീസ്, ജനറല്‍ മാനേജര്‍ സജീവ് എന്നിവരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.
26 ന് തിരുവനന്തപുരത്തു വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളംഗോവന്‍, ഗതാഗത വകുപ്പ് സെക്രട്ടറി കെ ജ്യോതിലാല്‍, കെല്‍ എം ഡി കേണല്‍ ഷാജി വര്‍ഗീസ് എന്നിവര്‍ തോഷിബ സംഘവുമായി നടത്തിയ ചര്‍ച്ചയിലെ നിര്‍ദ്ദേശ പ്രാകാരമാണ് ഇവര്‍ മാമല പ്ലാന്റ്റ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയത്.തോഷിബ ലിഥിയം അയോണ്‍ ബാറ്ററിയുടെ പ്രത്യകതകള്‍ സന്ദര്‍ശകര്‍ വിശദീകരിച്ചു.സാധരണ ലിഥിയം അയോണ്‍ ബാറ്ററികള്‍ മുഴുവന്‍ ചാര്‍ജ്ജാകാന്‍ 4 മുതല്‍ 5 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ തങ്ങളുടെ ബാറ്ററികള്‍ 10 മിനിറ്റിനുള്ളില്‍ ചാര്‍ജ്ജാകുമെന്ന് തോഷിബയുടെ ബാറ്ററി വിഭാഗം മേധാവി യോഷിക്കിഇഷിസുക്ക പറഞ്ഞു.
പലതരം ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്കും, ബോട്ടുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിവിധ കപ്പാസിറ്റികളിലുള്ള ലിഥിയം അയോണ്‍ ബാറ്ററികളുടെ നിര്‍മ്മാണത്തെപ്പറ്റി ചര്‍ച്ച നടത്തിയതായും, മാമല പ്ലാന്റ്റിലെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ഇതിനായി സന്ദര്‍ശകര്‍ക്ക് കാണിച്ചുകൊടുത്തതായും ഷാജി വര്‍ഗീസ് പറഞ്ഞു. സംരംഭത്തില്‍ പൂര്‍ണ്ണ താല്‍പര്യം പ്രകടിപ്പിച്ച തോഷിബ സംഘം സര്‍ക്കാര്‍ അധികൃതരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അറിയിച്ചു.