ടൈ കേരള 2020 സംരംഭക ബിസിനസ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പി കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹമ്മദ് അര്‍ഹനായി.ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന വിപുലമായ അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡുകള്‍ വിജയികള്‍ക്ക് സമ്മാനിക്കും
കൊച്ചി: സംരംഭകരെയും ബിസിനസ്സ് രംഗത്തെ പ്രമുഖരെയും ആദരിക്കുന്നതിനായി ടൈ കേരള ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പി കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹമ്മദ് അര്‍ഹനായി.
ആറ് വിഭാഗങ്ങളിലായി മറ്റ് അവാര്‍ഡ് ജേതാക്കള്‍: എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് - ജെന്‍ റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ്; സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ - റാപ്പിഡോര്‍ സ്ഥാപകനും സിഇഒയുമായ തോംസണ്‍ സ്‌കറിയ; ഇക്കോസിസ്റ്റം ഇനേബ്ളര്‍ അവാര്‍ഡ് - മൈസോണ്‍ ചെയര്‍മാന്‍ ഷിലന്‍ സഗുണന്‍; എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ - ലൂക്കര്‍ ഇലക്ട്രിക് എംഡിയും സ്ഥാപകനുമായ വി. ജ്യോതിഷ് കുമാര്‍; ബിസിനസ് മോഡല്‍ & പ്രോസസ് ഇന്നൊവേഷന്‍ അവാര്‍ഡ് - ഗ്രീന്‍ വേര്‍മ്സ് സ്ഥാപകന്‍ ജബീര്‍ കാരാട്ട്. വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളിക്കാണ് നെക്സ്റ്റ് ജനറേഷന്‍ അച്ചീവര്‍ അവാര്‍ഡ്.
സംസ്ഥാനത്ത് സംരംഭകത്വവും അതിനുള്ള ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്നവര്‍ക്ക് ശക്തി പകരാനും പ്രോത്സാഹനം നല്‍കാനുമാണ് അവാര്‍ഡെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു. പുതിയ ആശയങ്ങള്‍, നൂതന കാഴ്ചപ്പാടുകള്‍, കര്‍മ്മധീരത, നേതൃപാടവം എന്നിവയിലൂടെ സംരംഭക രംഗത്ത് നിര്‍ണ്ണായക കാല്‍വെപ്പുകളും മാറ്റങ്ങളും സൃഷ്ടിക്കുന്ന വ്യക്തികള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്.വ്യവസായ പ്രമുഖരും ടൈ കേരള ചാര്‍ട്ടര്‍ അംഗങ്ങളും അടങ്ങുന്ന ഒരു സ്വതന്ത്ര ജൂറി പാനല്‍ ഈ വര്‍ഷത്തെ പ്രകടനത്തെയും നേട്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്.ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന വിപുലമായ അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡുകള്‍ വിജയികള്‍ക്ക് സമ്മാനിക്കും.