വിബി ടോക്‌സ് ബിസിനസ് :ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വിജയീ ഭവ അലുംമ്‌നി

വിബി ടോക്‌സ് ബിസിനസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം വിവിധ മേഖലകില്‍ പ്രവര്‍ത്തിക്കുന്ന ചെറുതം വലുതുമായ സംരഭകര്‍ക്ക് പങ്കെടുക്കുന്ന നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായാണ് വിഭാവനം ചെയ്യുന്നതെന്ന് വിബിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Update: 2022-07-14 11:19 GMT

കൊച്ചി: 2014ല്‍ ആരംഭിച്ച സംരഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്‌നി (വിബിഎ) ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിന് തുടക്കമിടുന്നു. വിബി ടോക്‌സ് ബിസിനസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം വിവിധ മേഖലകില്‍ പ്രവര്‍ത്തിക്കുന്ന ചെറുതം വലുതുമായ സംരഭകര്‍ക്ക് പങ്കെടുക്കുന്ന നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായാണ് വിഭാവനം ചെയ്യുന്നതെന്ന് വിബിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, വര്‍മ ആന്‍ഡ് വര്‍മ എന്നിവയുടെ സഹകരണത്തോടെ യുവസംരംഭകരെ ശാക്തീകരിക്കാനും ധാര്‍മികവും സത്യസന്ധവുമായ ബിസിനസ് നടത്തുവാനും അത് വിജയത്തിലെത്തിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ആരംഭിച്ച സംരംഭകത്വ വികസന പരിപാടിയായ വിജയീ ഭവയുടെ ഇതുവരെ നടന്ന ഇരുപതോളം ബാച്ചുകളില്‍ പങ്കെടുത്ത 650ഓളം യുവസംരംഭകരാണ് വിബിഎയുടെ അംഗങ്ങളെന്നും ഇഇവര്‍ പറഞ്ഞു.

കൊവിഡ് സമയത്ത് അംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വിബിഎ മുഖാമുഖം എന്ന ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടിരുന്നുവെന്ന് വിബിഎ പ്രസിഡന്റ് ശ്രീദേവി കേശവന്‍ പറഞ്ഞു. ഇതുവരെ നടത്തിയ 125ല്‍ പരം മുഖാമുഖം പരിപാടികളിലൂടെ അവയില്‍ പങ്കെടുത്തവര്‍ക്ക് 25 കോടി രൂപയിലധികം ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതേത്തുടര്‍ന്ന് വിബിഎ ബിസിനസ് ജാലകം എന്ന പരിപാടിയും ആരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ എട്ട് സ്ഥലങ്ങളിലായി ഇതിന്റെ സംഗമങ്ങള്‍ നടന്നു.വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാലത്ത് ഇത്തരം ബിസിനസ് നെറ്റ് വര്‍ക്കിംഗ് പരിപാടികളുടെ വര്‍ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണ് വിബി ടോക്‌സ് ബിസിനസ് വിഭാവനം ചെയ്തിരിക്കുന്നത്.

സാധാരണ ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള സംരംഭകരെ മാത്രം ഉദ്ദേശിച്ചുള്ളതാണെങ്കില്‍ പുതുതായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ബിസിനസ് ആശയങ്ങള്‍ പങ്കുവെയ്ക്കാനും ഫണ്ട്പിച്ചിംഗ്, പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, ലോഗോ, മറ്റ് പ്രൊമോഷനല്‍ മെറ്റീരിയലുകളുടെ പ്രകാശനം എന്നിവയ്ക്കും വിബി ടോക്‌സ് ബിസിനസിന്റെ വേദികള്‍ ഉപയോഗപ്പെടുത്താമെന്നും ശ്രീദേവി കേശവന്‍ പറഞ്ഞു.

ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്കും സര്‍വീസുകള്‍ക്കും ബി2ബി ഉപയോക്താക്കളെ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും വിബി ടോക്‌സ് ബിസിനസ് അവസരമൊരുക്കും. സംരംഭകര്‍ക്ക് വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സംവിധാനവും വിബി ടോക്‌സ് ബിസിനസിന്റെ ഭാഗമായി രൂപീകരിക്കും. വിപണനം, സാങ്കേതികവിദ്യകള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച പരിശീലന പരിപാടികളും പദ്ധതിയുടെ ഭാഗമാകും.

കേരളത്തിന്റെ വിവിധ ഇടങ്ങളിലായി 2022-23, 2023-24 സാമ്പത്തിക വര്‍ഷം നൂറോളം വിബി ടോക്‌സ് ബിസിനസ് മീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് വിബിഎ സെക്രട്ടറി ബാബു ജോസ് പറഞ്ഞു. കൊച്ചിയില്‍ ജൂലൈ 26ന് ഹോട്ടല്‍ ഒലീവ് ഡൗണ്‍ടൗണിലാണ് വിബി ടോക്‌സ് ബിസിനസിന്റെ ആദ്യ നെറ്റ് വര്‍ക്കിംഗ് മീറ്റ് നടക്കുക. തുടര്‍ന്ന് ഓഗസ്റ്റില്‍ത്തന്നെ കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലും സംഗമങ്ങള്‍ സംഘടിപ്പിക്കും. ആദ്യരണ്ടു വര്‍ഷങ്ങളിലെ നെറ്റ് വര്‍ക്കിംഗ് പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ചുരുങ്ങിയത് നൂറുകോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നുതെന്നും ബാബു ജോസ് പറഞ്ഞു.

പുതിയ ബിസിനസ് ആശയങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നിക്ഷേകരില്‍ നിന്നും എയ്ഞ്ചല്‍ ഇന്‍വെസ്‌റ്റേഴ്‌സില്‍ നിന്നും 250 കോടി രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിച്ചു നല്‍കാനും ഉദ്ദേശിക്കുന്നു. ഇങ്ങനെ ഓരോ വര്‍ഷവും ചുരുങ്ങിയത് 1500 സംരംഭകരെയെങ്കിലും വിബി ടോക്‌സ് ബിസിനസിന്റെ ഗുണഭോക്താക്കളാക്കാനാണ് പരിപാടിയെന്നും ബാബു ജോസ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ത്തന്നെ കേരളത്തിനു പുറത്തേയ്ക്കും വിദേശരാജ്യങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്. രണ്ടു വര്‍ഷത്തിനകം ഇത്തരം പത്തോളം ചാപ്റ്ററുകള്‍ തുറക്കും.വിബി ടോക്‌സ് ബിസിനസിലൂടെ നേടുന്ന ബിസിനസുകള്‍ കൃത്യമായി വിലയിരുത്തുന്നതിനും രേഖപ്പെടുത്തുന്നതിനും വിബി ലൈവ് എന്ന പേരില്‍ ഒരു വെബ് അപ്ലിക്കേഷന്‍ അവതരിപ്പിക്കുമെന്ന് വിബിഎ എക്‌സിക്യൂട്ടീവ് അംഗവും ബിസിനസ് ഗ്രോത്ത് ആന്‍ഡ് ആക്‌സിലറേഷന്‍ ടീം ലീഡറുമായ പരീമോന്‍ എന്‍ ബി പറഞ്ഞു.

Tags:    

Similar News