ബെനലി ബുള്ളറ്റിനെ മറിച്ചിടുമോ ?
ഇന്ത്യന്‍ നിരത്തുകളിലെ ബുള്ളറ്റിന്റെ രാജവാഴ്ച്ചക്കാലത്തിന് അല്‍പ്പകാലത്തേക്കെങ്കിലും തടയിടാന്‍ ഇറ്റാലിയന്‍ കരുത്തന്റെ വരവോടെ സാധ്യമാകുമോ എന്നാണ് വാഹനപ്രേമികള്‍ നിരീക്ഷിക്കുന്നത്.
രാജദൂതും ജാവയും എസ്ഡിയും പുകതുപ്പിയോടിയ ഇന്ത്യന്‍ നിരത്തുകളില്‍ ഒരുതരിപോലും പുപക തുപ്പാതെ ഘനഘംഭീര ശബ്ദത്തില്‍ തികച്ചും രാജകീയമായി നീങ്ങിയിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനു തന്നെയാണ് ഇപ്പോഴും ഇരുചക്ര വാഹനങ്ങളില്‍ രാജാവിന്റെ സ്ഥാനം. അത് കൈയ്യടക്കാന്‍ പലരും പലകാലത്തും അവതരിച്ചിട്ടുണ്ട്. പക്ഷേ അവരെല്ലാം തിരിച്ചടികള്‍ നേരിട്ടതോടെ പതുക്കെ പിന്‍വാങ്ങിയതാണ് ചരിത്രം. എന്നുവെച്ച് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി തൊട്ടതെല്ലാം പൊന്നാകും എന്നില്ല. മൂന്നു ഗിയര്‍ മാത്രമുള്ള എക്‌സ്‌പ്ലോറര്‍, ഹെഡ്‌ലൈറ്റിനു ചുറ്റും വിന്‍ഡ് ഗ്ലാസുമായി സ്റ്റൈലിഷ് ലുക്കിലിറങ്ങിയ ഫ്യൂറി, പിന്നെ ബുള്ളറ്റിന്റെ നേരനുജനായി അവതരിപ്പിച്ച 100 സിസി മിനി ബുള്ളറ്റ് എന്നിവരെല്ലാം പിടിച്ചുനില്‍ക്കാവാതെ കളം വിട്ടവരാണ്. ഇവരുടെയൊക്കെ പരാജയം നികത്താന്‍ ബുള്ളറ്റിന്റെ വിജയം മാത്രം മതി റോയല്‍ എന്‍ഫീല്‍ഡ് കമ്പനിക്ക്. അത്രയാണ് ഈ ഇരുചക്രരാജാവ് ജനമനസ്സുകളില്‍ നേടിയ സ്ഥാനം.
ഇന്ത്യന്‍ നിരത്തുകളിലെ ബുള്ളറ്റിന്റെ രാജവാഴ്ച്ചക്കാലത്തിന് അല്‍പ്പകാലത്തേക്കെങ്കിലും തടയിടാന്‍ ഇറ്റാലിയന്‍ കരുത്തന്റെ വരവോടെ സാധ്യമാകുമോ എന്നാണ് വാഹനപ്രേമികള്‍ നിരീക്ഷിക്കുന്നത്. മുന്‍പ് ഡിഎസ്‌കെ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഇറ്റാലിയന്‍ കമ്പനിയായ ബെനലി ബൈക്കുകള്‍ നിരത്തിലിറക്കിയിരുന്നു. പക്ഷേ അവരിറക്കിയ മോഡലുകളും വിതരണ സര്‍വീസ് ശൃംഖലയിലെ പ്രശ്‌നങ്ങളും കാരണം വിപണിയില്‍ ഒരു ചലനവും സൃഷ്ടിക്കപ്പെട്ടില്ല. ഇപ്പോള്‍ ഡിഎസ്‌കെയുമായി പിരിഞ്ഞ് ഹൈദരാബാദ് ആസ്ഥാനമായുള്ള മഹാവീര്‍ ഗ്രൂപ്പിന്റെ ആദിശ്വേര്‍ ഓട്ടോ റൈഡ് ഇന്റര്‍നാഷനലുമായി സഹകരിച്ചാണ് ബെനലിയുടെ പുനപ്രവേശനം . 180000 മുതല്‍ 620000 വരെ വിലയുള്ള എട്ടു മോഡലുകളുമായാണ് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ രണ്ടാംവരവ്. അതിലെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 ആണ് രണ്ടാംവരവില്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിച്ചത്.373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനും 5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഇംപീരിയാലോക്ക് 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ആകെ 200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. റൗണ്ട് ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി സാമ്യം പുലര്‍ത്തുന്നതാണ്.
സില്‍വര്‍, മെറൂണ്‍, ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളില്‍ ഇംപീരിയലെ ലഭ്യമാകും. സില്‍വര്‍ കളര്‍ മോഡലിന് 2.15 ലക്ഷമാണ് കൊച്ചിയിലെ ഓണ്‍റോഡ് വില. മറ്റു മോഡലുകള്‍ക്ക് 2.25 ലക്ഷവും. ലോഞ്ച് ചെയ്ത് മാസത്തിനുള്ളില്‍ 300 ബുക്കിങ്ങാണ് കൊച്ചി ഷോറൂമില്‍ കിട്ടിയ ബെനലി ഇപ്പോഴും മുന്നേറുകയാണ്. പുതിയ മോഡലുകള്‍ കൂടി ഇന്ത്യന്‍ നിരത്തിറക്കി അങ്കം മുറുക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. 600 സിസിയുടെ കരുത്തന്‍ എഞ്ചിനുള്ള ബെനലി ടിഎന്‍ടി 6001 ആണ് ഇന്ത്യയിലേക്കെത്തിയ ഏറ്റവും ശക്തന്‍. 8507 ബിഎച്ചപി കരുത്ത് കാണിക്കുന്ന നാലു സിലിണ്ടര്‍ എഞ്ചിനുള്ള ഇതിന്റെ മൈലേജ് ലിറ്ററിന് 19ലധികം പ്രതീക്ഷിക്കുകയേ ചെയ്യരുത് എന്നാണ് കമ്പനി പറയുന്നത്. മൈലേജാണ് മുഖ്യമെങ്കില്‍ ടിവിഎസ് മുതല്‍ ബജാജ് പ്ലാറ്റിന വരെയുള്ള ബൈക്കുകളുണ്ടല്ലോ. നിരത്തു കീഴടക്കി കുതിക്കുന്നവര്‍ക്കിടയില്‍ മൈലേജും നോക്കിയിരുന്നാല്‍ പണി പാളുമെന്ന് ഇറ്റാലിയന്‍ കമ്പനിക്ക് നന്നായി അറിയാം. ഒരു ലിറ്റര്‍ പെട്രോളിന് 34 കിലോ മീറ്റര്‍ മൈലേജ് നല്‍കുന്ന 374 സിസി ബൈക്കായ ഇംപീരിയാലോ ആണ് ബെനലിയുടെ പരമാവധി എക്കണോമിക്കായ ബൈക്ക്. പെട്രോള്‍ വില കുതിക്കുന്ന ഇക്കാലത്തും ബെനലിയുടെ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആധ്യപത്യമുറപ്പിക്കുന്നുണ്ടെങ്കില്‍ അവയെ ജനം ഏറ്റെടുത്തു എന്നു തന്നെ പറയേണ്ടിവരും.