ഡയറി ഫാമിലൂടെ മികച്ച വരുമാനം നേടാം

വേണ്ടത്ര ശ്രദ്ധയും പരിചരണവും ഇല്ലെങ്കില്‍ ഫാമുകള്‍ ലാഭകരമായി നടത്തികൊണ്ടു പോവുന്നത് വലിയ വെല്ലുവിളിയാവും.

Update: 2022-02-28 07:29 GMT
ഡയറി ഫാമിലൂടെ മികച്ച വരുമാനം നേടാം

സാധാരണക്കാര്‍ക്കും പണക്കാര്‍ക്കും ഒരു പോലെ തുടങ്ങാവുന്ന വ്യവസായ സംരഭമാണ് ഡയറി ഫാമുകള്‍. മികച്ച വരുമാനം തന്നെയാണ് ഇതിലേക്ക് ഏവരെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകം. വേണ്ടത്ര ശ്രദ്ധയും പരിചരണവും ഇല്ലെങ്കില്‍ ഫാമുകള്‍ ലാഭകരമായി നടത്തികൊണ്ടു പോവുന്നത് വലിയ വെല്ലുവിളിയാവും.

നേട്ടങ്ങളും വെല്ലുവിളികളും

മുകളില്‍ സൂചിപ്പിച്ചതു പോലെ ശാസ്ത്രീയമായ പരിചരണമില്ലെങ്കില്‍ ഇതു ലാഭകരമായി നടത്തികൊണ്ടു പോവുന്നത് വന്‍ വെല്ലുവിളിയായിരിക്കുമെന്നതില്‍ സംശയം വേണ്ട. ഉല്‍പ്പാദിപ്പിക്കുന്ന പാലിന് മികച്ച വിപണിയുള്ള സംസ്ഥാനമാണ് കേരളം. പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ഒരു കാലത്തും ഡിമാന്റ് ഇല്ലാതാവുന്നില്ല. മില്‍മ പോലുള്ള സൊസൈറ്റികള്‍ പ്രാദേശിക കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിക്കുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ വളരാത്തതിനു പിന്നിലെ കാരണം ഇതാണ്

ശരിയാം വിധം ഒരു ഫാം എങ്ങനെ നടത്തണമെന്ന് അറിയാത്തതും മാര്‍ക്കറ്റിങ്ങില്‍ ശ്രദ്ധിക്കാനുള്ള മടിയുമാണ് ഡയറിഫാം ബിസിനസിനെ നഷ്ടത്തിലാക്കുന്നത്.

ഡയറിഫാം ബിസിനസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാലികള്‍ക്കും തൊഴുത്തിനും ശുചിത്വം ഉറപ്പുവരുത്തുക. അവയ്ക്ക് വേണ്ട വെള്ളവും ഭക്ഷണവും കൃത്യമായി ഒരുക്കി നല്‍കുക.

മാലിന്യ സംസ്‌കരണം വേണ്ടവിധം നടപ്പാക്കുക.

പാല്‍ നല്ലപോലെ കറന്നെടുക്കാനുള്ള വിദ്യകള്‍ പ്രയോഗിക്കുക.

പാല്‍ സംസ്‌കരണം വേണ്ടവിധം നടത്തുക.

ശരിയായ മാര്‍ക്കറ്റിങ്.

മരുന്നും ചികിത്സയും യഥോചിതം.

നിക്ഷേപവും ചെലവും.

തൊഴിലാളികളെ നിയമിക്കുക.

സര്‍ക്കാര്‍ സ്‌കീമുകള്‍.

ഡയറിഫാം തുടങ്ങേണ്ടത് എങ്ങിനെ

ഡയറിഫാമിന് ഷെഡുകള്‍ നിര്‍മിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഷെഡിന്റെ എല്ലാഭാഗങ്ങളും തുറസായിരിക്കണം. കുറഞ്ഞത് ആറ് മീറ്റര്‍ എങ്കിലും ഉയരമുണ്ടായിരിക്കണം. എന്നാല്‍ ഷെഡിന്റെ നടുഭാഗം പത്ത് മീറ്റര്‍ ഉയരം നല്‍കണം. എങ്കില്‍ മാത്രമേ കാലികള്‍ക്ക് ആന്തരിക ഈര്‍പ്പം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.

ഇരട്ട മേല്‍ക്കൂരയാണ് നല്ലത്. ചൂട് വായു പുറത്തേക്ക് തള്ളാനും തണുത്ത വായു ഷെഡില്‍ യാന്ത്രികമായി നിറയാനും ഇത് സഹായിക്കും.

ഒരു പശുവിന് 3*3 മീറ്ററിലായിരിക്കണം സ്ഥലം കാണേണ്ടത്. എന്നാല്‍ മാത്രമേ പശുവിന് നല്ലരീതിയില്‍ നില്‍ക്കാനും കിടക്കാനുമൊക്കെ സാധിക്കുകയുള്ളൂ. ഇതൊക്കെ ഉറപ്പുവരുത്തിയാല്‍ പശുക്കള്‍ക്ക് നല്ല ആരോഗ്യം ഉറപ്പാക്കാനും പാല്‍ വര്‍ധനവിനും സഹായിക്കും.

ഷെഡിന്റെ നിലം കോണ്‍ക്രീറ്റ് ചെയ്തശേഷം റബ്ബര്‍ഷീറ്റ് വിരിക്കുക. കാരണം കോണ്‍ക്രീറ്റിന്റെ പരുപരുത്ത സ്വഭാവം അവയ്ക്ക് അസ്വസ്ഥത ഉണ്ടാക്കും. പരമാവധി കന്നുകാലികള്‍ ഉള്ള സ്ഥലം അവയ്ക്ക് സൗകര്യമുള്ളവിധമാക്കി മാറ്റുക.

വെള്ളവും ഭക്ഷണവും ഒരുക്കി നല്‍കുക

ഡയറിഫാം ബിസിനസ് ലാഭകരമാക്കുന്നതില്‍ പ്രധാന ഘടകം ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിലും യഥാക്രമം ഒരുക്കി നല്‍കുന്നതിലുമാണ്. ഒരു പശുവിന് 30 മുതല്‍ 35 കിലോഗ്രാം വരെ ഭക്ഷണം ആവശ്യം വരും. 24 മണിക്കൂറും കുടിവെള്ളം ഉറപ്പുവരുത്തുംവിധം ഓട്ടോമാറ്റിക് ഡ്രിങ്കിങ് സിസ്റ്റം ഷെഡില്‍ സ്ഥാപിക്കുക. രക്തവും പാലും ഒരുപോലെ സമീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ പശുക്കള്‍ക്ക് ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുകയുള്ളൂ.

ആരോഗ്യമുള്ള പശുക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ ഡയറിഫാം ബിസിനസും ലാഭകരമാകൂ. ഫാമിനൊപ്പം തന്നെ കാലിത്തീറ്റ, പുല്‍കൃഷി കൂടി ഉണ്ടെങ്കില്‍ ആവശ്യത്തിന് ഭക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കും. പെല്ലെറ്റുകള്‍ നല്‍കുന്നത് പാലുല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കും.

മാലിന്യ സംസ്‌കരണം

പശുക്കളുടെ ചാണകം സംസ്‌കരിക്കുന്നത് ഒരു ബിസിനസ് സാധ്യതയാണ്. ശരിയായ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ ഉണ്ടെങ്കില്‍ വളം ബിസിനസിലൂടെ ലാഭമുണ്ടാക്കാന്‍ സാധിക്കും. ചാണകകുഴികള്‍ നല്ല നിലയില്‍ നിര്‍മിച്ച ശേഷം മാത്രം ഫാം ആരംഭിക്കുക. മൂത്രവും ചാണകവും വെവ്വേറെ ശേഖരിക്കുംവിധം വേണം സംഭരണ കുഴികള്‍ നിര്‍മിക്കാന്‍. ഉണക്ക ചാണകവും സ്ലറിയും കാര്‍ഷിക ഫാമുകള്‍ക്ക് വിപണി വിലയ്ക്ക് നല്‍കാവുന്നതാണ്. കൂടാതെ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കുന്നതും നല്ലൊരു ഐഡിയയാണ്.

പാല്‍ കറക്കലും വിപണനവും

വലിയ ഡയറിഫാമുകള്‍ക്ക് ഇലക്ട്രോണിക്‌സ് മില്‍ക്കിങ് മെഷീനാണ് പാല്‍ കറക്കാന്‍ നല്ലത്. കാരണം പാല്‍ കറക്കലും മറ്റും ധാരാളം സമയവും അധ്വാനവും വേണ്ട കാര്യമാണ്. ഇത് രണ്ടും ചുരുക്കാന്‍ മെഷീന്‍ വെച്ചാല്‍ സാധിക്കും. എന്നാല്‍ ചെറിയ ഫാമുകള്‍ക്ക് അവരുടേതായ കറവ് രീതികളാണ് നല്ലത്. ആളുകളെ വെച്ച് കറക്കലാണ് കുറച്ചുകൂടി നല്ലത്.

ഈ മേഖലയില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ വിപണനം നല്ല രീതിയില്‍ നടത്തല്‍ നിര്‍ബന്ധമാണ്. ചിലരൊക്കെ പാല്‍ സൊസൈറ്റികള്‍ക്കാണ് നല്‍കുന്നത്. എന്നാല്‍ ഈ സൊസൈറ്റികള്‍ പ്രാദേശിക മാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് പാലെടുക്കുന്നത്. നിങ്ങളുടെ സ്വന്തം വിപണി വികസിപ്പിക്കലാണ് ബിസിനസ് ലാഭകരമാക്കാന്‍ നല്ലത്.

ബട്ടര്‍, തൈര്, മോര് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ സ്വന്തം ബ്രാന്റില്‍ വിപണിയിലെത്തിച്ച് ലാഭമുണ്ടാക്കാം. കേരളത്തില്‍ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും എന്നും വിപണിയുണ്ട്. എന്നാല്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചാല്‍ ഇതൊരു വന്‍കിട സംരംഭമായി മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കും.

നിക്ഷേപവും ചെലവുകളും

20 ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുക്കള്‍ക്ക് 70,000 രൂപയാണ് വിപണി വില. കെട്ടിടവും മാലിന്യസംസ്‌കരണവും പശുക്കളുടെ എണ്ണത്തിന് അനുസരിച്ചാണ്. മൂന്ന് പശുക്കള്‍ക്ക് 75,000 രൂപയാണ് വേണ്ടിവരിക. പത്ത് പശുക്കളെ വെച്ചാണ് യൂണിറ്റ് തുടങ്ങുന്നതെങ്കില്‍ ഏകദേശം മൂന്ന് ലക്ഷം രൂപ വേണ്ടിവരും. ജനറേറ്റര്‍, പ്രഷര്‍ വാഷര്‍, മില്‍ക്കിങ് മെഷീന്‍, മോട്ടറുകള്‍ എന്നിവയ്ക്ക് ആകെ പരമാവധി ഒരു ലക്ഷം രൂപയും ചെലവാകും. ഇന്‍ഷൂറന്‍സ്, ലൈസന്‍സ് അടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ക്ക് ഫീസ് ഇനത്തിലും തുക വകയിരുത്തണം.

തുടക്കക്കാര്‍ക്ക് രണ്ടോ മൂന്നോ പശുവിനെ വെച്ചാണ് ആരംഭിക്കാന്‍ നല്ലത്. ക്രമേണ ഓരോ പശുക്കള്‍ വീതം വര്‍ധിപ്പിക്കാം. ഡയറി യൂണിറ്റുകള്‍ക്ക് നിരവധി സഹായ പദ്ധതികള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഡയറി ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, മില്‍മ ഫാര്‍മേഴ്‌സ് സപ്പോര്‍ട്ട് എന്നിവയ്ക്ക് കീഴില്‍ പലവിധ പദ്ധതികളും സാമ്പത്തിക സഹായങ്ങളും ലഭ്യമാണ്.


Tags:    

Similar News