കൊവിഡ്: ബാങ്ക് മോറട്ടോറിയം ആറു മാസത്തേക്ക് നീട്ടണമെന്ന് ഫ്യുമ്മ
കേന്ദ്ര- സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ക്ക് ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്റ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍(ഫ്യുമ്മ) നിവേദനം നല്‍കി.ബാങ്ക് മോറട്ടോറിയം ആഗസ്ത് 31ന് അവസാനിക്കെ പലിശയും കൂട്ടുപലിശയും ചേര്‍ന്ന ഭീമമായ തിരിച്ചടവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫര്‍ണിച്ചര്‍ മേഖലയ്ക്ക് താങ്ങാനാവില്ലെന്നും ഭാരവാഹികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് വ്യവസായ മേഖലയ്ക്കുണ്ടായ തകര്‍ച്ചയ്ക്ക് ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ച ബാങ്ക് മോറട്ടോറിയം കുറഞ്ഞത് ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് അഭ്യര്‍ഥിച്ച് ഫര്‍ണിച്ചര്‍ മാനുഫാക്ച്ചേഴ്സ് ആന്റ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫ്യുമ്മ) സംസ്ഥാന- കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. ബാങ്ക് മോറട്ടോറിയം ആഗസ്ത് 31ന് അവസാനിക്കെ പലിശയും കൂട്ടുപലിശയും ചേര്‍ന്ന ഭീമമായ തിരിച്ചടവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫര്‍ണിച്ചര്‍ മേഖലയ്ക്ക് താങ്ങാനാവില്ലെന്നും ഭാരവാഹികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.ലോണ്‍ അക്കൗണ്ടുകളിലേക്കുള്ള തിരിച്ചടവ് മുടങ്ങി നോണ്‍ പേയ്മെന്റ് അവസ്ഥയിലായാല്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ ഭൂരിഭാഗം വ്യാപാരികളുടേയും സിബില്‍ സ്‌കോറിനെ ബാധിക്കുകയും ഭാവിയിലെ മറ്റു ലോണ്‍ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും.
ഇത് മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവീഴ്ത്തുക.നിലവില്‍ കടക്കെണിയെ തുടര്‍ന്ന് 25 ശതമാനത്തോളം വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. സര്‍ക്കാരും ബാങ്കുകളും സമയോചിതമായി ഇടപെട്ടില്ലെങ്കില്‍ 35 ശതമാനത്തോളം വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടുമെന്നും ആയിരക്കണക്കിന് വ്യാപാരികളും അവരുടെ കുടുംബങ്ങളും അവരെ ആശ്രയിച്ച് കഴിയുന്ന അനേകം തൊഴിലാളികളും പ്രതിസന്ധിയിലാകുമെന്നും നിവേദനത്തില്‍ പറയുന്നു.കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏറ്റവുമധികം ബാധിച്ചത് കേരളത്തിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള വ്യാപാര മേഖലകളെയാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ഫ്യൂമ്മ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിനു ശേഷവും നിയന്ത്രണങ്ങളെ തുടര്‍ന്ന് പൂര്‍ണമായോ ഭാഗികമായോ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലെ ഫര്‍ണിച്ചര്‍ സ്റ്റോക്കുകള്‍ വിറ്റഴിച്ചാണ് വ്യാപാരികള്‍ നിത്യച്ചെലവ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഓണം സീസണില്‍ പുതിയ സ്റ്റോക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഓണം സീസണില്‍ പുതിയ സ്റ്റോക്കുകള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ആറു ശതമാനം പലിശ നിരക്കില്‍ വേഗത്തില്‍ വായ്പാ പദ്ധതികള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കണം.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ പ്രതീക്ഷയോടെയാണ് വ്യാപാരി സമൂഹം കാത്തിരിക്കുന്നതെന്നും നടപടികള്‍ സ്വീകരിച്ച് രാജ്യത്തിന്റെ നട്ടെല്ലായ വ്യവസായ സമൂഹത്തിന്റെ കെട്ടുറപ്പും നിലനില്‍പ്പും ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വം സര്‍ക്കാരുകള്‍ നിര്‍വഹിക്കണമെന്നും ഫ്യൂമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.