ക്ഷമയോടെ കാത്തിരുന്ന് ഇന്ത്യയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: ടി എന്‍ മനോഹരന്‍
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ പുരോഗതിയാണ് ഉണ്ടാകുന്നത്. വലിയ കമ്പനികള്‍ പോലും സ്റ്റാര്‍ട്ടപ്പുകളില്‍ താല്‍പര്യം കാണിക്കുകയാണ്
കൊച്ചി: ഇന്ത്യയില്‍ നിരവധി സാധ്യതകളാണുള്ളതെന്നും ക്ഷമയോടെ മുന്നേറുന്നവര്‍ക്ക് വിജയം ഉറപ്പിക്കാനാവുമെന്നും ഐ ഡി ബി ഐ ചെയര്‍മാനും ഐ സി എ ഐ മുന്‍ പ്രസിഡന്റുമായ പത്മശ്രീ ടി എന്‍ മനോഹരന്‍ . എറണാകുളം ബ്രാഞ്ച് എസ് ഐ ആര്‍ സി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രഥമ എസ് എസ് അയ്യര്‍ മെമ്മോറിയല്‍ പ്രഭാഷണം 'ഇന്ത്യ ആഗോള സാഹചര്യത്തില്‍ തിളങ്ങുന്ന താരം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ പുരോഗതിയാണ് ഉണ്ടാകുന്നത്. വലിയ കമ്പനികള്‍ പോലും സ്റ്റാര്‍ട്ടപ്പുകളില്‍ താല്‍പര്യം കാണിക്കുകയാണ്. തങ്ങള്‍ക്ക് ഒരു കാര്യത്തില്‍ മാത്രമേ കഴിവുള്ളു എന്ന തരത്തിലുള്ള രീതികളില്‍ മാറ്റം വരുത്തണമെന്നും വരുംകാലത്ത് വ്യത്യസ്ത കഴിവുകള്‍ പ്രകടമാക്കുന്നവര്‍ക്കും വികസിപ്പിക്കുന്നവര്‍ക്കുമാണ് വേഗത്തില്‍ വിജയം വരിക്കാനാവുകയെന്നും ടി എന്‍ മനോഹരന്‍ പറഞ്ഞു.അമേരിക്കന്‍ ബാങ്കുകളില്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യവും ചൈനയില്‍ തുടങ്ങിയ കൊവിഡും ലോക സാമ്പത്തിക ക്രമത്തെ മാറ്റിമറിച്ചെങ്കിലും ഇന്ത്യ പിടിച്ചു നില്‍ക്കുകയായിരുന്നു.
റഷ്യ യുക്രെയ്ന്‍ യുദ്ധം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയോ കയറ്റുമതി ഇറക്കുമതി വ്യാപാരങ്ങളെയോ വലിയ തോതില്‍ ബാധിച്ചില്ലെങ്കിലും കൊവിഡുയര്‍ത്തിയ വെല്ലുവിളികള്‍ ആവശ്യത്തിന് അനുസരിച്ചുള്ള ഉല്‍പാദനത്തില്‍ വിഘ്‌നം സൃഷ്ടിക്കുകയുണ്ടായി. അതിനിടയില്‍ കടന്നുവന്ന ശ്രീലങ്കന്‍ പ്രതിസന്ധിയും നേരത്തെ കണക്കു കൂട്ടിയിട്ടില്ലാത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പദാനം 8.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നതെങ്കിലും റിസര്‍വ് ബാങ്ക് ഏഴ് ശതമാനം മാത്രമാണ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ ജോസ് കെ വി അധ്യക്ഷത വഹിച്ചു. ബാബു അബ്രഹാം കള്ളവയലില്‍, പ്രശാന്ത് ശ്രീനിവാസന്‍, വിവേക് കൃഷ്ണ ഗോവിന്ദ്, സലീം എ പ്രസംഗിച്ചു.