കേരള ട്രാവല്‍ മാര്‍ട്ട് ; മെയ് അഞ്ചിന് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ ആറ്, ഏഴ് തിയതികളില്‍ വാണിജ്യ കൂടിക്കാഴ്ചകളും സെല്ലര്‍മാരുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.മെയ് എട്ടിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് മാര്‍ട്ടില്‍ പ്രവേശനം ഉണ്ടായിരിക്കും

Update: 2022-04-20 12:10 GMT

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം)ന് കൊച്ചിയില്‍ മെയ് അഞ്ചിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൊവിഡാനന്തര കാലത്തിന്റെ പുനരുജ്ജീവനമെന്ന നിലയില്‍ കേവലം ടൂറിസം മാത്രമല്ല, സംസ്ഥാനത്തെ മറ്റ് വ്യവസായവാണിജ്യ ലോകവും കെടിഎമ്മിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മെയ് അഞ്ചിന് ഗ്രാന്റ്് ഹയാത്ത് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ടൂറിസംപൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരമായ ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാം ലക്കത്തിന്റെ വിളംബര പ്രദര്‍ശനവും നടക്കും.വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ ആറ്, ഏഴ് തിയതികളില്‍ വാണിജ്യ കൂടിക്കാഴ്ചകളും സെല്ലര്‍മാരുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക സഞ്ചാരികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി മെയ് എട്ടിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് മാര്‍ട്ടില്‍ പ്രവേശനം ഉണ്ടായിരിക്കുമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു അറിയിച്ചു.

കാരവാന്‍ ടൂറിസത്തിന്റെ വിജയകരമായ തുടക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം ഈ പുതിയ ടൂറിസം ഉല്‍പ്പന്നമാകും. നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ ഉത്തരവാദിത്ത ടൂറിസം, ചാംപ്യന്‍സ് ബോട്ട് ലീഗ് തുടങ്ങിയവയും കെടിഎം 11ാം ലക്കത്തിന്റെ ആകര്‍ഷണങ്ങളാകുമെന്ന് അദ്ദേഹം പറഞ്ഞു.കെടിഎമ്മില്‍ പങ്കെടുക്കാനെത്തുന്ന വ്‌ളോഗര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി പ്രീ മാര്‍ട്ട് ടൂര്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കെടിഎം മുന്‍ പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ്ജ് പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട ബയര്‍മാര്‍ക്ക് മാര്‍ട്ടിനു ശേഷവും സമാനമായ ടൂര്‍ പരിപാടി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കെടിഎമ്മിനായി 69 രാജ്യങ്ങളില്‍ നിന്ന് ബയേഴ്‌സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നടക്കുന്ന ഈ മാര്‍ട്ട് പൂര്‍ണമായും കടലാസ് രഹിതമായിരിക്കുമെന്ന് കെടിഎം സെക്രട്ടറി ജോസ് പ്രദീപ് പറഞ്ഞു. വിദേശത്തു നിന്നും രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമായി നിരവധി ബയര്‍മാര്‍ ഇതിനകം തന്നെ മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മലബാര്‍ മേഖലയിലെ ടൂറിസം സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തുകയും ബയര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പശ്ചാത്തലത്തില്‍ 2021 മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടത്തിയിരുന്നു. കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും സംസ്ഥാനത്തിന്റെ സല്‍പ്പേര് വര്‍ധിപ്പിക്കാനും ടൂറിസം വ്യവസായത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാനാകുമെന്ന് കെടിഎം ഈ വെര്‍ച്വല്‍ മീറ്റിലൂടെ തെളിയിച്ചു.

7000 ഓളം വാണിജ്യ കൂടിക്കാഴ്ചകളാണ് വെര്‍ച്വല്‍ കെടിഎമ്മില്‍ നടന്നത്.രണ്ടായിരാമാണ്ടില്‍ ആരംഭിച്ച കെടിഎം രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ട് എന്നതിനു പുറമെ പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമോദാഹരണമായാണ് കണക്കാക്കുന്നത്. കൊവിഡ് പ്രതിസന്ധി തരണം ചെയ്തുവെന്ന് ലോകത്തോട് വിളിച്ച് പറയാനുള്ള സംസ്ഥാനത്തിന്റെ അവസരം കൂടിയായി കെടിഎമ്മിനെ കാണണമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News