വിശ്വാസ്യതയാണ് ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ പ്രതിവിധിയും പ്രതിരോധവുമെന്ന് ഐ എം എ

ആരോഗ്യരംഗത്തെ ചില അനാരോഗ്യ കിടമല്‍സരങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നു

Update: 2022-07-24 05:52 GMT

കൊച്ചി: ഡോക്ടറും രോഗിയും തമ്മിലും മരുന്നുകളോടും ചികില്‍സാരീതികളോടുമുള്ള വിശ്വാസ്യതയാണ് ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ പ്രതിവിധിയും പ്രതിരോധവുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ) പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ നല്ല വശവും ഒപ്പം മോശം പ്രവണതകളും എന്ന വിഷയത്തില്‍ പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഐ എം എ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് വിദഗ്ധര്‍ അഭിപ്രായപ്രകടനം നടത്തിയത്.ആരോഗ്യരംഗത്തെ ചില അനാരോഗ്യ കിടമല്‍സരങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും വിഷയാവതരണം നടത്തിയ ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി പറഞ്ഞു.


ഇന്നും ആശുപത്രികളെ ഭരിക്കുന്നത് വ്യവസായ നിയമങ്ങളാണ്.രോഗിയെ ഉപഭോക്താതാവായി കാണുന്നു. ഈ രീതി മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാ രംഗത്തും നിരാശ പ്രതിഫലിക്കുന്നുണ്ടെന്നും അക്ഷമയുടെ റേറ്റിംഗ് വര്‍ധിക്കുന്നത് ഇന്ത്യന്‍ സമൂഹത്തെ വല്ലാതെ ബാധിക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസ് ചൂണ്ടിക്കാട്ടി. വാര്‍ത്തയുടെ നെല്ലും പതിരും വേര്‍തിരിച്ച് അറിയാനുള്ള സമയം മൈക്രോ സെക്കന്‍ഡ്‌സ് ആയി ചുരുങ്ങി. ഫോണ്‍ ഉള്ളവരെല്ലാം ജേര്‍ണലിസ്റ്റാകുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡോക്ടറും രോഗിയും തമ്മിലുള്ള വിശ്വാസ്യത പരമപ്രധാനമാണെന്നും അത് കാത്തു സൂക്ഷിക്കാന്‍ ഇരുകൂട്ടര്‍ക്കും ബാധ്യതയുണ്ടെന്നും എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

ജനങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടിയിണക്കി കൊണ്ട് പോകാനുള്ള ഉത്തരവാദിത്വം ഐ എം എ പോലെയുള്ള സംഘടനകള്‍ ഏറ്റെടുക്കണമെന്നും ഈ മേഖലയിലെ ചിലര്‍ക്കെങ്കിലും എത്തിക്‌സ് കൈമോശം വന്നോയെന്ന് സംശയമുണ്ടെന്ന് രംഗദാസ പ്രഭു പറഞ്ഞു.നെഗറ്റീവ് ഫീലിംഗ് കൂടുതലായി പ്രോല്‍സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ ചെറിയ വീഴ്ചകള്‍ പോലും പര്‍വതീകരിക്കപ്പെടുന്നു.പുറത്ത് വരുന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യം എന്തെന്ന് ചിന്തിക്കാന്‍ പോലും സമയമില്ലെന്ന് ജോ. അര്‍ ടി ഒ അനന്തകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ആംബുലന്‍സ് സര്‍വീസ് പോലും ബിസിനസായി മാറുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്ക് അറിവ് നല്ലതാണെന്നും എന്നാല്‍ പലതും തെറ്റായ അറിവുകളായിരിക്കുമെന്ന് ഐ എം എ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ രാജീവ് ജയദേവന്‍ അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിദ്യാഭ്യാസവും പൊതുജനാരോഗ്യവും വാണിജ്യവത്കരിക്കപ്പെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ എം ജി രാജ്യമാണിക്യം പറഞ്ഞു. ശസ്ത്രക്രിയ നടത്തുന ഡോക്ടര്‍ എങ്ങനെയും രോഗിയെ രക്ഷപ്പെടുത്താനാകും ശ്രമിക്കുക, തനിക്ക് പ്രതിഫലം എത്ര ലഭിക്കുമെന്ന് ആ സമയത്ത് അദ്ദേഹം ചിന്തിക്കില്ലന്നും രാജമാണിക്യം പറഞ്ഞു.ഐ എം എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ് മോഡറേറ്ററായിരുന്നു.

Tags:    

Similar News