ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകം: ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്ന് ഐഎംഎ
കണ്ണൂര്‍: കൊട്ടാരക്കരയില്‍ ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന വ്യാപക പണിമുടക്കിന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും(ഐഎംഎ) കെജിഎംഒഎയും ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് കൊണ്ടുവന്ന പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെയും കൂടെയുള്ളവരെയും ആക്രമിക്കുക എന്ന സംഭവം കേട്ടുകേള്‍വിയില്ലാത്ത താണ്. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളാക്കി നിയമനിര്‍മാണം നടത്തണമെന്ന ഐഎംഎയുടെ ആവശ്യം നിരാകരിക്കുന്നതാണ് ഇത്തരം പ്രശ്‌നത്തിന് കാരണം. ഇത്തരം സാഹചര്യത്തില്‍ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുകയില്ലെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിച്ച് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതാണ് വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രധാന കാരണം. ശക്തമായ നിയമനിര്‍മാണത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെയും തൊഴിലുടമകളുടെയും ബാധ്യതയാണ്. ഭാവി സമരപരിപാടികള്‍ കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ച് നടപ്പാക്കുമെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഡോ. വി സുരേഷ്, സെക്രട്ടറി ഡോ. രാജ്‌മോഹന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ. സുല്‍ഫിക്കര്‍ അലി എന്നിവര്‍ അറിയിച്ചു.