ന്യൂ ജനറേഷന്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ആള്‍ട്ടി ഗ്രീന്‍ പ്രദര്‍ശനത്തിന് എത്തി

കൊച്ചിയില്‍ നടക്കുന്ന ഇവോള്‍വ് 2019- ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദര്‍ശന മേളയിലാണ് ന്യൂ ജനറേഷന്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷ അവതരിപ്പിച്ചത്.ബാംഗ്ലൂര്‍ ആസ്ഥാനമായ ആള്‍ട്ടി ഗ്രീന്‍ കമ്പനിയാണ് ഓട്ടോറിക്ഷയുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്

Update: 2019-06-29 13:53 GMT

കൊച്ചി:പുതു ജനറേഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിദഗ്ധ ഗവേഷണതിനു ശേഷം ആള്‍ട്ടി ഗ്രീന്‍ ഓട്ടോ റിക്ഷകള്‍ കൊച്ചിയില്‍ നടക്കുന്ന ഇവോള്‍വ് 2019- ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദര്‍ശന മേളയില്‍ അവതരിപ്പിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായ ആള്‍ട്ടി ഗ്രീന്‍ കമ്പനിയാണ് യാത്രക്കാര്‍ക്കും ,ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്കും പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയില്‍ രൂപകല്‍പന ചെയ്ത ഓട്ടോ റിക്ഷയുമായി വിപണിയിലേക്ക് ഇറങ്ങുന്നത്. കൊച്ചിയിലാണ് ഇന്ത്യയില്‍ ആദ്യമായി കമ്പനി വാഹനം പുറത്തിറക്കുന്നത്.

ഡ്രൈവറിന് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാക്കിംഗ് സിസ്റ്റമാണ് ആള്‍ട്ടി ഗ്രീന്‍ ഓട്ടോ റിക്ഷയുടെ പ്രത്യേകതയെന്ന് കമ്പിനി അധികൃതര്‍ പറയുന്നു. വാഹനത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആള്‍ട്ടി ഗ്രീന്‍ കേന്ദ്രീകൃത ട്രാക്കിങ് സംവിധാനത്തിലൂടെ നിരീക്ഷണ വിധേയമാക്കി യഥാസമയം ഡ്രൈവര്‍ക്കു വേണ്ട നിര്‍ദേശം നല്‍കാന്‍ സാധിക്കുന്നതോടൊപ്പം വാഹനത്തിനുണ്ടാകാവുന്ന ഏതു പ്രതിസന്ധികളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനിയുടെ പദ്ധതിയില്‍ പെടുന്നു. 3 പേര്‍ക്ക് സുഖമായി ഇരുന്നു യാത്രചെയ്യാന്‍ സാധിക്കുന്ന ആള്‍ട്ടി ഗ്രീന്‍ ഓട്ടോ റിക്ഷകളും, 400 കിലോ ഭാരം വഹിക്കാന്‍ കഴിയുന്ന പിക്ക് അപ് ഓട്ടോയുമാണ് കമ്പനി ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍.വില നിശ്ചയിച്ചിട്ടില്ല. 

Tags:    

Similar News