ഇന്‍ഡിഗോ എംഡിയായി രാഹുല്‍ ഭാട്ടിയയെ നിയമിച്ചു

ഫെബ്രുവരി 4 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. രാഹുല്‍ ഭാട്ടിയയും മറ്റൊരു പ്രമോട്ടറായ രാകേഷ് ഗംഗ്വാളും തമ്മിലുണ്ടായ ഉടക്കിന് ശേഷമാണ് മാനേജ്‌മെന്റില്‍ മാറ്റമുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.

Update: 2022-02-05 18:24 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സര്‍വീസ് കമ്പനിയായ ഇന്‍ഡിഗോയുടെ എംഡിയായി രാഹുല്‍ ഭാട്ടിയയെ നിയമിച്ചു. നിയമനം ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഉടമയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. കമ്പനിയുടെ സഹസ്ഥാപകനും പ്രമോട്ടറുമാണ് രാഹുല്‍ ഭാട്ടിയ.

ഫെബ്രുവരി 4 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. രാഹുല്‍ ഭാട്ടിയയും മറ്റൊരു പ്രമോട്ടറായ രാകേഷ് ഗംഗ്വാളും തമ്മിലുണ്ടായ ഉടക്കിന് ശേഷമാണ് മാനേജ്‌മെന്റില്‍ മാറ്റമുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ 30 ന് കമ്പനിയുടെ അസാധാരണ ജനറല്‍ ബോഡി ചേരുകയും പ്രമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികളുടെ കൈമാറ്റത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനായി ആര്‍ട്ടിക്ക്ള്‍സ് ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. ഗംഗ്വാളിനും ഭാട്ടിയയ്ക്കും കൂടി 74.44 ശതമാനം ഓഹരിയാണ് കമ്പനിയില്‍ ഉള്ളത്.

ഗംഗ്വാള്‍ 2019 ല്‍ ഭാട്ടിയയുടെ ഇടപാടുകളെ കുറിച്ചും ഭരണ പരാജയത്തെ കുറിച്ചും പരാതി ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുക്കുന്നത്. ഓഹരി ഉടമസ്ഥത സംബന്ധിച്ച് ഇരുവരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി കമ്പനിയുടെ ആര്‍ട്ടിക്ക്ള്‍ ഓഫ് അസോസിയേഷനില്‍ വരുത്തേണ്ട ഭേദഗതികള്‍ ഗംഗ്വാള്‍ അവതരിപ്പിച്ചെങ്കിലും മറ്റു ഓഹരി ഉടമകള്‍ അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് ലണ്ടന്‍ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ സമീപിച്ചിട്ടുണ്ട് അദ്ദേഹം.

2006ലാണ് ഇരുവരും ചേര്‍ന്ന് ചെലവു കുറഞ്ഞ വിമാന യാത്രയെന്ന വാഗ്ദാനവുമായി ഇന്‍ഡിഗോയ്ക്ക് തുടക്കമിട്ടത്. ഇന്റര്‍ഗ്ലോബ് എന്റര്‍െ്രെപസസിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് രാഹുല്‍ ഭാട്ടിയ. കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ് ഭാട്ടിയ.

Tags:    

Similar News