കൊവിഡില്‍ തകര്‍ന്ന് ഓഹരി വിപണി; 1200 പോയന്റിലേറെ ഇടിഞ്ഞ് സെന്‍സെക്‌സ്, നിഫ്റ്റിയില്‍ വ്യാപാരം ആരംഭിച്ചത് 14,300ന് താഴെ
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായതും വീണ്ടുമൊരു ലോക്ഡൗണ്‍കൂടി ഉണ്ടായേക്കുമോയെന്ന ഭീതിയുമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
മുംബൈ: ആഗോളതലത്തില്‍ അനുകൂല സൂചനകളുണ്ടായിട്ടും ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു ശതമാനം ഇടിവാണ് നേരിട്ടത്. ധനകാര്യ, ഓട്ടോ ഓഹരികളാണ് മുഖ്യമായി ഇടിവ് നേരിട്ടത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായതും വീണ്ടുമൊരു ലോക്ഡൗണ്‍കൂടി ഉണ്ടായേക്കുമോയെന്ന ഭീതിയുമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1200 പോയിന്റിലധികമാണ് ഇടിഞ്ഞത്. നിലവില്‍ 48,000 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 14500 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ചെറുകിട, ഇടത്തരം ഓഹരികള്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിടുന്നത്.
ഏഷ്യന്‍ ഓഹരികള്‍ ഇന്ന് മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും മുന്നേറേണ്ടതാണ്. എന്നാല്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികളെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം കനക്കുകയാണ്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, തുടങ്ങി ബാങ്കിങ് ഓഹരികളാണ് മുഖ്യമായി ഇടിവ് നേരിട്ടത്. സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, റിലയന്‍സ്, ഐടിസി, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. സിപ്ല ഉള്‍പ്പെടെ ഫാര്‍മ ഓഹരികള്‍ മുന്നേറ്റം ഉണ്ടാക്കി.
ബിഎസ്ഇയിലെ 615 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 183 ഓഹരികള്‍ നേട്ടത്തിലുമാണ്. 53 ഓഹരികള്‍ക്ക് മാറ്റമില്ല.