സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് കേസ്: സര്‍വേ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
45 പേജുള്ള റിപോര്‍ട്ടിന്റെ ഉള്ളടക്കം സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പരസ്യപ്പെടുത്തില്ല
ബറേലി: സംഭലിലെ ശാഹീ ജാമിഅ് മസ്ജിദിന്റെ സര്‍വേ റിപോര്‍ട്ട് ചന്ദൗസിയിലെ പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചു. 45 പേജുള്ള റിപോര്‍ട്ടിന്റെ ഉള്ളടക്കം സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പരസ്യപ്പെടുത്തില്ല. റിപോര്‍ട്ടില്‍ തൂണുകളിലെ താമരയുടെ രൂപങ്ങള്‍, കൊത്തിയെടുത്ത പാത്രം തുടങ്ങി 1000-ലധികം ഫോട്ടോഗ്രാഫുകളും വാസ്തുവിദ്യാ കണ്ടെത്തലുകളും ഉള്‍പ്പെടുന്നുവെന്നാണ് സൂചനകള്‍.
അഭിഭാഷകനായ ഹരിശങ്കര്‍ ജെയിനും മകന്‍ വിഷ്ണുശങ്കര്‍ ജെയിനും ഉള്‍പ്പെടെ എട്ട് പേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, നവംബര്‍ 19നാണ് ശാഹീ ജാമിഅ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.
വിഷ്ണുവിന്റെ കല്‍ക്കി അവതാരം പ്രത്യക്ഷപ്പെടുന്ന' സ്ഥലത്താണ് പള്ളിയെന്നായിരുന്നു പ്രധാന പുരോഹിതനായ ഋഷി രാജ് ഗിരിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വരുടെ വാദം. മുഗള്‍ രാജാവായ ബാബര്‍ 1529 ല്‍ ഹരിഹര ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും ഇവിടെയാണ് കല്‍ക്കി ജനിക്കാന്‍ പോവുന്നതെന്നും അതു തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.
16ാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട പള്ളിയാണ് ശാഹീ ജാമിഅ് മസ്ജിദ്. കാലങ്ങളായി മുസ് ലിംകള്‍ നമസ്‌കരിച്ചു പോരുന്ന ഈ പള്ളിയില്‍ നവംബര്‍ 19 ന് സീനിയര്‍ ഡിവിഷന്‍ കോടതിയുടെ ഉത്തരവുമായി ഉദ്യോഗസ്ഥര്‍ സര്‍വെക്കേത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അന്ന് അവിടെ നിന്നും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഞയറാഴ്ച വീണ്ടും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുമായി അധികൃതര്‍ സര്‍വേക്കെത്തിയതോടെ സംഭല്‍ സംഘര്‍ഷ ഭരിതമായി. പോലിസിന്റെ വെടിവെപ്പില്‍ 6 പേരാണ് കൊല്ലപ്പെട്ടത്.