കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി
ഇതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനിടയില്‍ അറുപതിനായിരം വിമാന ടിക്കറ്റുകള്‍ റദ്ദായി. ഇതേ തുടര്‍ന്ന് തൊട്ടടുത്ത രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്ക് പോലും ആയിരം ദിനാറായി വര്‍ദ്ധിച്ചതായാണു റിപ്പോര്‍ട്ട്.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണം 35 ആയും ദൈനം ദിന യാത്രക്കാരുടെ എണ്ണം ആകെ 1000 ആയും പരിമിതപ്പെടുത്താന്‍ കുവൈത്ത് വ്യോമയാന അധികൃതരുടെ തീരുമാനം. ഇതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനിടയില്‍ അറുപതിനായിരം വിമാന ടിക്കറ്റുകള്‍ റദ്ദായി. ഇതേ തുടര്‍ന്ന് തൊട്ടടുത്ത രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്ക് പോലും ആയിരം ദിനാറായി വര്‍ദ്ധിച്ചതായാണു റിപ്പോര്‍ട്ട്.
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് കുവൈത്ത് വ്യോമയാന അധികൃതര്‍ രാജ്യത്തേക്ക് വരുന്ന ഓരോ വിമാനത്തിലെ യാത്രകാരുടെയും വിമാനത്താവളത്തില്‍ എത്തുന്ന ആകെ യാത്രികരുടെയും എണ്ണം നിജപ്പെടുത്തി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെയുള്ള കാലയളവിലാണു തീരുമാനം നടപ്പിലാക്കുന്നത്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ, വാണിജ്യാടിസ്ഥാനത്തില്‍ നഷ്ടം സംഭവിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പല വിമാന കമ്പനികളും കുവൈത്തിലേക്ക് നേരത്തെ ക്രമീകരിച്ച ട്രിപ്പുകള്‍ റദ്ദ് ചെയ്യുകയായിരുന്നു. രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരെയും പിസിആര്‍ പരിശോധനക്ക് വിധേയമാക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഓരോ വിമാനത്തിലേയും യാത്രക്കാരുടെ എണ്ണം 35 ആയി പരിമിതപ്പെടുത്തിയത്. വിമാനത്താവളത്തിലെ പിസിആര്‍ പരിശോധനക്ക് നിലവിലെ സംവിധാനം പര്യാപ്തമല്ല. ഇതിനായി സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല പരിശോധനക്കുള്ള ഫീസ് വിമാന കമ്പനികളാണു നല്‍കേണ്ടത്.
ഈ തുക വിമാന കമ്പനികള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുകയും ചെയ്യും. ഈ പ്രക്രിയകള്‍ക്ക് മികച്ച ഏകോപനം ആവശ്യമാണു ഇത് പൂര്‍ത്തിയാക്കുന്ന മുറക്ക് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍ വലിക്കുമെന്നാണു കരുതുന്നത്. അതിനിടെ ദുബൈ അടക്കമുള്ള രാജ്യങ്ങള്‍ ഇടതാവളമാക്കി കുവൈത്തില്‍ എത്താനിരുന്ന യാത്രക്കാര്‍ പുതിയ തീരുമാനം മൂലം പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണു. രണ്ടാഴ്ചത്തെ താമസവും പി.സി.ആര്‍. പരിശോധനയും പൂര്‍ത്തിയാക്കി കുവൈത്തിലേക്ക് യാത്ര പുറപ്പെടാനിരുന്ന നിരവധി യാത്രക്കാരാണു വിമാന കമ്പനികള്‍ അവസാന നിമിഷം ടിക്കറ്റ് റദ്ധ് ചെയ്തതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരില്‍ നിരവധി മലയാളികളും ഉള്‍പ്പെട്ടതായാണ് വിവരം.