കുവൈത്തില്‍ വാഹനാപകടം; ഏഴ് ഇന്ത്യക്കാര്‍ മരിച്ചു, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഫിന്‍ദാസിലെ സെവന്‍ത് റിങ് റോഡിലാണ് അപകടം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ സഞ്ചരിച്ച മിനി ബസില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മിനി ബസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തെ യു ടേണ്‍ പാലത്തിന്റെ കൈവരിയിലിടിച്ച് തകര്‍ന്നു. മിനി ബസ്സില്‍ 10 പേരാണ് ഉണ്ടായിരുന്നത്. ആറുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ മിനിബസ് പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌പോണ്ട്‌സ് ടീമാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.