ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ഗ്ലോബല്‍ പിച്ച് മല്‍സരത്തിലെ വിജയികളെ ടൈ കേരള അനുമോദിച്ചു
രാജ്യാന്തര യുവസംരംഭക മല്‍സരത്തില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്നത് വലിയ നേട്ടമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവ് പറഞ്ഞു
കൊച്ചി: ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ഗ്ലോബല്‍ പിച്ച് മല്‍സര വിജയികളെ ടൈ കേരള അനുമോദിച്ചു.കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ നിന്നുള്ള അനശ്വര രമേഷ്,ദക്ഷിണ ചാരു ചിത്ര,ആദിത്യ ദിനേശ്,മനോജ് കൃഷ്ണ കെ എന്നിവര്‍ ഉള്‍പ്പെടുന്ന സിറ്റ്‌ലൈന്‍ ടീമാണ് ടൈ കേരളയെ പ്രതിനിധീകരിച്ച് രാജ്യാന്തര മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.രാജ്യാന്തര യുവസംരംഭക മല്‍സരത്തില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്നത് വലിയ നേട്ടമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവ് പറഞ്ഞു.
വ്യാവസായിക ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങി. ഈസ് ഓഫ് ബിസിനസ് സ്ഥാനം ഇപ്പോള്‍ 15 ആണ്. അടുത്ത വര്‍ഷത്തോടെ ഇത് പത്തിനുള്ളില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.നടപ്പുസാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാനത്തിന് പദ്ധതിയുണ്ട്.ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 39,000 എംഎസ്എംഇകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ടൈ യങ് എന്റര്‍പ്രണേഴ്‌സ് ഇനിഷ്യേറ്റീവ് ഈ വര്‍ഷം നൂറിലധികം സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ ടൈ കേരള പദ്ധതിയിടുന്നതായി ടൈ കേരള മുന്‍ പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ത്ത് പരിപാടിക്ക് ബജറ്റ് പിന്തുണ ലഭിക്കുകയും, വിദ്യാഭ്യാസ വകുപ്പ് മുഖേന നിര്‍ദ്ദേശം നല്‍കി സ്‌കൂള്‍ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്താല്‍ ഇത് വന്‍ വിജയമാവും. അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ കഴിഞ്ഞ നാല് വര്‍ഷമായി ടൈ കേരള രാജ്യാന്തര മല്‍സരത്തില്‍ സജീവ സാന്നിധ്യമാണ്. ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടിലധികം സ്‌കൂളുകളില്‍ നിന്നായി 2500 കുട്ടികള്‍ സംസ്ഥാനതല മല്‍സരങ്ങളില്‍ പങ്കെടുത്തുവെന്ന് ടൈ കേരള പ്രസിഡന്റ് അനിഷാ ചെറിയാന്‍ പറഞ്ഞു.
കൊച്ചി മേയര്‍ അനില്‍കുമാര്‍,കെഎസ്‌ഐഡിസി എംഡി രാജമാണിക്യം,ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ചെയര്‍ വിനോദിനി സുകുമാര്‍, ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ടീമുകളാണ് ഫൈനലില്‍ മല്‍സരിച്ചത്.4500 യു എസ് ഡോളര്‍ ക്യാഷ് അവാര്‍ഡും , സര്‍ട്ടിഫിക്കറ്റുകളും , ഭാവിയിലേക്ക് സംരംഭ നിക്ഷേപ സാധ്യതകളും ടീം കരസ്ഥമാക്കി.ഭാവിയിലെ സംരംഭകരെയും വ്യവസായികളെയും വളര്‍ത്തിയെടുക്കാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി (9 മുതല്‍ 12 വരെ) രൂപകല്‍പ്പന ചെയ്ത ഒരു ആഗോള സംരംഭമാണ് ടൈ യംഗ് എന്റര്‍പ്രണേഴ്‌സ്.